കോവിഡ് വ്യാപനം കുറയുമ്പോഴും രാജ്യത്ത് ആശങ്കയായി മരണ നിരക്ക്
|കോവിഡിന് പുറമെ ബ്ളാക്ക്, വൈറ്റ് ഫംഗസുകളുടെ സാന്നിധ്യവും രാജ്യത്തിന് വെല്ലുവിളി ആവുന്നുണ്ട്
രാജ്യത്ത് ആശങ്കയായി കോവിഡ് മരണ നിരക്ക്. പ്രതിദിന രോഗബാധയിൽ കുറവുണ്ടെങ്കിലും മരണ നിരക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ നാലായിരത്തിലേറെ പേർ രോഗം ബാധിച്ച് മരിച്ചു. വാക്സിൻ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അമേരിക്കയിലേക്ക് പോകും.
രാജ്യത്ത് കോവിഡ് വ്യാപനം കുറയുമ്പോഴും മരണ നിരക്ക് കുതിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ നാലായിരത്തിന് മുകളിലാണ് കോവിഡ് പ്രതിദിന മരണ നിരക്ക്. 24 മണിക്കൂറിനിടെ 4,194 മരണം റിപ്പോർട്ട് ചെയ്തപ്പോൾ 2,57,299 പേർക്ക് രോഗം സ്ഥിരീകരിച്ചു.രോഗമുക്തി നിരക്ക് 3,57,630 ആണ്.
കോവിഡിന് പുറമെ ബ്ളാക്ക്, വൈറ്റ് ഫംഗസുകളുടെ സാന്നിധ്യവും രാജ്യത്തിന് വെല്ലുവിളി ആവുന്നുണ്ട്. ബ്ലാക്ക് ഫംഗസ് ചികിൽസയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിൻ ബി എന്ന മരുന്ന് നിർമിക്കാൻ അഞ്ച് കമ്പനികൾക്കുകൂടി കേന്ദ്ര സർക്കാർ അനുമതി നൽകി.
ഫംഗസ് ബാധ വ്യാപകമാകുകയും മരുന്നിന് ക്ഷാമം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്ത് വാക്സിനേഷൻ ഉർജിതമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയുമായി വാക്സിൻ കരാറിന് ഇന്ത്യ തയാറെടുക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.
വാക്സിൻ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ അമേരിക്കയിലേക്ക് പോകും. തിങ്കൾ മുതൽ വ്യാഴം വരെ ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.