കോവിഡ് രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സിന് 1.20 ലക്ഷം രൂപ: ഡോക്ടര്‍ അറസ്റ്റില്‍
|ഡോക്ടര്‍, രണ്ട് വര്‍ഷമായി ആംബുലന്‍സ് ബിസിനസ് നടത്തുകയാണെന്ന് പൊലീസ്
കോവിഡ് രോഗിയെ ആംബുലന്‍സില്‍ ഗുഡ്‍ഗാവില്‍ നിന്ന് ലുധിയാനയിലെത്തിക്കാന്‍ ചെലവ് ഒരുലക്ഷത്തിഇരുപതിനായിരം രൂപ. ദുരന്തകാലത്ത് മനഃസാക്ഷിയില്ലാതെ പെരുമാറിയ ആംബുലന്‍സ് ഉടമ കൂടിയായ ഡോക്ടറെ ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് അറസ്റ്റ് നടന്നത്. മിമോഹ് കുമാര്‍ ബുണ്ഡല്‍ എന്ന എംബിബിഎസ് ഡോക്ടറാണ് അറസ്റ്റിലായത്. ഇന്ദ്രപുരിയിലെ ദഷ്‍ഗര്‍ സ്വദേശിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
തങ്ങളുടെ നാട്ടില്‍ നിന്ന് ഒരു ആംബുലന്‍സിനായി ഒരുപാട് ശ്രമിച്ചെന്നും പിന്നീടാണ് ഡല്‍ഹിയില്‍ നിന്ന് ഒരു ആംബുലന്‍സിനായി ശ്രമിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. 1.40ലക്ഷം രൂപയാണ് അപ്പോള്‍ തന്നെ ആംബുലന്‍സ് ഓപ്പറേറ്റര്‍ വാടകയായി ആവശ്യപ്പെട്ടത്. ഓക്സിജന്‍ സിലിണ്ടര്‍ കയ്യിലുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ 20000 രൂപ കുറയ്ക്കാന്‍ തയ്യാറായി. മുന്‍കൂറായി 95000 രൂപയും ലുധിയാനയിലെത്തിയപ്പോള്‍ ബാക്കി 25000 രൂപയും നല്‍കുകയായിരുന്നുവെന്ന് രോഗിയുടെ മകള്‍ പറയുന്നു.
ഇന്ദ്രപുരിയിലെ ദഷ്‍ഗര ഗ്രാമത്തിലുള്ള കാര്‍ഡ്‍കെയര്‍ ആംബുലന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ് മൂന്നിരട്ടിയിലധികം വാടക ഈടാക്കുന്നുവെന്ന പരാതി തങ്ങള്‍ക്ക് വ്യാഴാഴ്ചയാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ബുണ്ഡലിനെ അറസ്റ്റ് ചെയ്തത്.
എംബിബിഎസ് ഡോക്ടറായ ബുണ്ഡല്‍ രണ്ട് വര്‍ഷമായി ആംബുലന്‍സ് ബിസിനസ് രംഗത്തുണ്ടെന്ന് പൊലീസ് പറഞ്ഞു