കുംഭമേള കഴിഞ്ഞെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈന്; കര്‍ശന നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍
|നിയമം ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈന് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. നിയമം ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി.
ഏപ്രിൽ 4നും ഏപ്രിൽ 17 നും ഇടയിൽ കുംഭമേള സന്ദർശിച്ച ഡല്‍ഹി നിവാസികൾ 24 മണിക്കൂറിനുള്ളിൽ ഡല്‍ഹി സർക്കാർ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. ഏപ്രിൽ 18നും ഏപ്രിൽ 30നും ഇടയിൽ കുംഭമേളക്ക് പോകുന്നവര്‍ ഡല്‍ഹി വിടുന്നതിന് മുന്‍പ് വിവരങ്ങള്‍ നല്‍കണം. കുംഭ മേളയില്‍ പങ്കെടുത്തവരെ പെട്ടെന്ന് കണ്ടെത്താന്‍ ഇതിലൂടെ സര്‍ക്കാരിന് സാധിക്കും. കുംഭമേള സന്ദർശിക്കുന്ന ആരെങ്കിലും അവരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാല്‍ അവരെ രണ്ടാഴ്ച മറ്റൊരു ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റും.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കുംഭമേളയില്‍ പങ്കെടുത്ത 1700 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24,374 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചത്. 70,000 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.