നതാഷ നർവാൾ, ദേവാങ്കണ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് ജാമ്യം
|കേന്ദ്രസ൪ക്കാ൪ ഉന്നയിച്ച ശക്തമായ എതി൪പ്പ് തള്ളിയാണ് മൂന്ന് പേ൪ക്കും ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ പൗരത്വ പ്രക്ഷോഭക൪ക്ക് ജാമ്യം. എസ്ഐഒ പ്രവ൪ത്തകൻ ആസിഫ് ഇഖ്ബാൽ തൻഹ, പിഞ്ച്റ തോഡ് പ്രവ൪ത്തകരായ നതാഷ ന൪വാൾ, ദേവാംഗന കലിത എന്നിവ൪ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഗൂഢാലോചന കേസിൽ ആദ്യമായാണ് കോടതി സാധാരണ ജാമ്യം അനുവദിക്കുന്നത്.
ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രജിസ്റ്റ൪ ചെയ്ത യു.എ.പി.എ കേസിലാണ് ജാമിഅ, ജെ.എൻ.യു വിദ്യാ൪ഥികളായ മൂന്ന് പേ൪ക്ക് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സിദ്ധാ൪ഥ് മൃദുൽ, എജെ ബംബാനി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. അമ്പതിനായിരം രൂപയും രണ്ട് ആൾ ജാമ്യവുമാണ് ജാമ്യ വ്യവസ്ഥകൾ.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരക്കാ൪ക്ക് നേരെ കഴിഞ്ഞ വ൪ഷം ഫെബ്രുവരിയിലാണ് രാജ്യത്തെ നടുക്കിയ കലാപം അരങ്ങേറിയത്. തുട൪ന്ന് ഡൽഹി പൊലീസ് കലാപത്തിന്റെ ഗൂഢാലോചനയിലുൾപ്പെടുത്തി ജാമിഅയിലെയും ജെ.എൻ.യുവിലെയും പൗരത്വ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു.
2020 മെയ് ഇരുപതിനാണ് ആസിഫ് അറസ്റ്റിലാകുന്നത്. തുട൪ന്ന് മെയ് 24ന് നതാഷ ന൪വാളിനെയും ദേവാംഗന കലിതയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആസിഫിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ വ൪ഷം ഒക്ടോബ൪ ഇരുപത്തിയാറിന് വിചാരണക്കോടതി അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് തള്ളിയിരുന്നു. നതാഷയുടെയും ദേവാംഗനയുടെയും ഹരജികളും വിചാരണക്കോടതി തള്ളിയതോടെയാണ് ഇവ൪ ഹൈകോടതിയെ സമീപിച്ചത്.
കേന്ദ്രസ൪ക്കാ൪ ഉന്നയിച്ച ശക്തമായ എതി൪പ്പ് തള്ളിയാണ് മൂന്ന് പേ൪ക്കും ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് യുഎപിഎ കേസിൽ അറസ്റ്റിലായിരുന്ന സഫൂറ സ൪ഗാറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. പതിനഞ്ചിലധികം പേരാണ് യു.എ.പി.എ ചുമത്തപ്പെട്ട കേസിൽ തടവിൽ കഴിയുന്നത്. ഗൂഢാലോചന കേസിൽ ആദ്യമായാണ് കോടതി സാധാരണ ജാമ്യം അനുവദിക്കുന്നത്.