പ്രവര്‍ത്തകര്‍ക്കൊപ്പം സ്പീഡ് ബ്രേക്കര്‍ ഉദ്ഘാടനം ചെയ്ത് എ.എ.പി എം.എല്‍.എ; ട്രോളുമായി സോഷ്യല്‍ മീഡിയ
|''ഒരു സ്പീഡ് ബ്രേക്കര്‍ ഉദ്ഘാടനം ചെയ്യാനായി ഇത്രയും ജനക്കൂട്ടം എന്തിന്? അതും ഈ കോവിഡ് കാലത്ത്? ഇവരുടെ പാര്‍ട്ടിയില്‍ ഇത്തരത്തിലുള്ളവര്‍ക്കെതിരെ ഒരു സ്പീഡ് ബ്രേക്കര്‍ വെക്കേണ്ടിയിരിക്കുന്നു''
ഡല്‍ഹിയിലെ ആം ആമി പാര്‍ട്ടിയുടെ എം.എല്‍.എ ശിവ് ചരണ്‍ ഗോയലിനെ ട്രോളി സോഷ്യല്‍ മീഡിയ. ഡല്‍ഹിയില്‍ ടേബിള്‍ടോപ് സ്പീഡ് ബ്രേക്കര്‍ ഉദ്ഘാടനം ചെയ്തതിനാണ് എം.എല്‍.എക്ക് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്. ഏകദേശം 20 പേരോളം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒത്തുകൂടി നില്ക്കുന്ന ചിത്രങ്ങള്‍ എം.എല്‍.എ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സാമൂഹിക അകലമോ മാസ്കോ ഇല്ലാതെ തടിച്ചുകൂടിയ ഒരുപാടുപേരുടെ കൂടെ നില്ക്കുന്ന എം.എല്‍.എയെയാണ് ചിത്രത്തില്‍ കാണാനാവുന്നത്.
''കോവിഡ് മഹാമാരി കാലത്തും ബഹുമാനപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വാഹനങ്ങളുടെ വേഗതയും അതുവഴിയുണ്ടാകുന്ന അപകടവും ഒഴിവാക്കാന്‍ ഡല്‍ഹി മോത്തിനഗറിലെ ഫണ്‍ സിനിമക്കടുത്തുള്ള റെഡ് ലൈറ്റ് ക്രോസ് റോഡില്‍ ഒരു ടേബിള്‍ടോപ് സ്പീഡ് ബ്രേക്കര്‍ ഉദ്ഘാടനം ചെയ്തതായി ഇതിനാല്‍ അറിയിക്കുന്നു.'' ചിത്രങ്ങള്‍ക്കൊപ്പം മോത്തിനഗര്‍ എം.എല്‍.എ കൂടിയായ ശിവ് ചരണ്‍ ഗോയല്‍ കുറിച്ചു.
ഒരു സ്പീഡ് ബ്രേക്കര്‍ ഉദ്ഘാടനം ചെയ്യാനായി ഇത്രയും ജനക്കൂട്ടം എന്തിന്? അതും ഈ കോവിഡ് കാലത്ത്? ഇവരുടെ പാര്‍ട്ടിയില്‍ ഇത്തരത്തിലുള്ളവര്‍ക്കെതിരെ ഒരു സ്പീഡ് ബ്രേക്കര്‍ വെക്കേണ്ടിയിരിക്കുന്നു. ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഒരു കൂട്ടം ആളുകള്‍ ആവശ്യപ്പെട്ടു. ഇതുപോലെ നിരവധി പ്രതിഷേധങ്ങളാണ് സംഭവത്തിന് നേരെ ഉയരുന്നത്.