India
ഗുസ്തിതാരം സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം
India

ഗുസ്തിതാരം സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

Web Desk
|
18 May 2021 4:48 AM GMT

കൊലപാതകക്കേസില്‍ ഒളിവിലാണ് ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍ കുമാര്‍

കൊലപാതകക്കേസിൽ ഒളിവിൽ പോയ ഗുസ്തി താരം സുശീൽ കുമാറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. കേസിലെ മറ്റൊരു പ്രതിയായ അജയ്‍യെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചു.

ഗുസ്‌തിയില്‍ ജൂനിയർ തലത്തിൽ ദേശീയ ചാമ്പ്യനായ 23കാരന്‍ സാഗര്‍ ആണ് കൊല്ലപ്പെട്ടത്. മേയ് നാലിന് ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗറിനും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ വെച്ച് സാഗര്‍ മരിച്ചു. സാഗറിന്‍റെ കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത് സംഭവം നടക്കുമ്പോള്‍ സുശീല്‍ കുമാര്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ്. സുശീല്‍ കുമാറിനെ കുറിച്ച് സാഗര്‍ മോശമായി പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയത്.

സുശീല്‍ കുമാറിനെതിരെ ഡല്‍ഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. എന്നാല്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും സുശീല്‍ കുമാറിനെ പിടികൂടാന്‍ കഴിഞ്ഞില്ല. സുശീലിനായി ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹരിദ്വാറിലും ഋഷികേശിലും സുശീലിനെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല. സുശീല്‍ കുമാര്‍ ഒളിത്താവളം മാറിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.

2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ വെള്ളി മെഡലും അടുത്ത ബീജിങ് ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടിയ താരമാണ് സുശീല്‍ കുമാര്‍.

Similar Posts