ആന്റിവൈറൽ മരുന്ന് വിതരണം; ഗൗതം ഗംഭീറിനെ ഡൽഹി പോലീസ് ചോദ്യം ചെയ്തു
|നേരത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെ ചോദ്യം ചെയ്തിരുന്നു.
ആന്റി വൈറല്‍ മരുന്നായ ഫാബി ഫ്ളൂ വിതരണം ചെയ്തത് സംബന്ധിച്ച് ബി.ജെ.പി എം.പി ഗൗതം ഗംഭീറില്‍ നിന്ന് ഡല്‍ഹി പൊലീസ് വിശദീകരണം തേടി. നേരത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് ഗൗതം ഗംഭീറിനോട് വിശദീകരണം തേടിയത്. ബി.ജെ.പി വക്താവ് ഹരീഷ് ഖുറാനെയും ചോദ്യം ചെയ്തിട്ടുണ്ട്.
'എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. ഇതൊരു സാധാരണ നടപടിക്രമം മാത്രമാണ്, പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ ഉയർത്തുകയാണ്. എനിക്ക് സാധ്യമായ വഴികളിലൂടെയെല്ലാം ഡൽഹിയെയും അവിടുത്തെ ജനങ്ങളെയും സേവിക്കും' -ഗൗതം ഗംഭീർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ബി.വി. ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സംഭവത്തിൽ കോൺഗ്രസ്സ് വലിയ തരത്തിൽ പ്രതിഷേധ സ്വരം ഉയർത്തിയിരുന്നു. ശ്രീനിവാസിന്റെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സോഴ്സ് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് ഡൽഹി ക്രൈം ബ്രാഞ്ച് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
കോവിഡിനെ നേരിടുന്നതിൽ കേന്ദ്രസർക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ നടക്കുന്നതെന്ന് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ്സ് തുറന്നടിച്ചു.