ഡല്‍ഹിയില്‍ വന്‍ ഇളവുകള്‍; എല്ലാ കടകളും റസ്റ്റോറന്റുകളും നാളെ മുതല്‍ തുറക്കും
|ഗവണ്മെന്റ് ഓഫീസുകള്‍ക്ക് മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. പ്രൈവറ്റ് ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
ലോക്ക്ഡൗണില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. എല്ലാ കടകളും മാളുകളും റസ്റ്റോറന്റുകളും നാളെ മുതല്‍ തുറക്കും. കോവിഡ് കേസുകള്‍ മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയ സാഹചര്യത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഏഴ് ദിവസവും കടകള്‍ തുറക്കും. അതേസമയം ഇളവുകള്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് അനുവദിക്കുന്നതെന്നും കോവിഡ് കേസുകള്‍ ഉയരുന്ന പക്ഷം കര്‍ശന നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
കടകളുടെ പ്രവര്‍ത്തനസമയം നിലവിലുള്ളത് പോലെ 10 മണി മുതല്‍ എട്ട് മണിവരെ ആയി തുടരും. റസ്റ്റോറന്റുകളില്‍ 50 ശതമാനം സീറ്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. 50 ശതമാനം വ്യാപാരികളെ ഉള്‍പ്പെടുത്തി ആഴ്ചച്ചന്തകള്‍ക്കും പ്രവര്‍ത്തിക്കാം. സലൂണുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. സ്പാകള്‍ക്ക് പ്രവര്‍ത്തന അനുമതിയില്ല.
ഗവണ്മെന്റ് ഓഫീസുകള്‍ക്ക് മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. പ്രൈവറ്റ് ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. സ്കൂളുകളും കോളേജുകളും തുറക്കില്ല. സ്വിമ്മിങ് പൂളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍ തുടങ്ങിയവ തുറക്കില്ല. ആരാധനാലയങ്ങള്‍ തുറക്കാം. എന്നാല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതിയുണ്ടാവില്ല. ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കേസുകള്‍ നിലവിലുള്ളതുപോലെ കുറയുകയാണെങ്കില്‍ ജനജീവിതം ഘട്ടം ഘട്ടമായി സാധാരണനിലയിലാവും. വലിയ ദുരന്തമാണ് നേരിട്ടത്. നമ്മളൊരുമിച്ച് അതിനെ നേരിട്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.