'പറ്റുന്നില്ലങ്കില്‍ തുറന്ന് പറയു': ഡല്‍ഹിക്കും യു.പിക്കും കോടതി വിമര്‍ശനം
|"സംഭവിച്ചിടത്തോളം മതി. ഇനിയും ജനങ്ങള്‍ മരിച്ച് വീഴുന്നത് അനുവദിക്കാനാവില്ല"
കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ചയുണ്ടായ സാഹചര്യത്തിൽ ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾക്ക് ഹൈക്കോടതികളുടെ വിമർശനം. നിങ്ങളെകൊണ്ട് ആകുന്നില്ലെങ്കിൽ കാര്യങ്ങള്‍ കേന്ദ്രത്തെ ഏൽപ്പിക്കൂ എന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
സംഭവിച്ചിടത്തോളം മതി. ഇനിയും ജനങ്ങള്‍ മരിച്ച് വീഴുന്നത് അനുവദിക്കാനാവില്ല. നിങ്ങളെ കൊണ്ട് പറ്റുന്നില്ലങ്കിൽ പറയൂ, കേന്ദ്രത്തോട് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് വിപിൻ സാംഖി, രേഖ പല്ലി എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു.
കൊവിഡ് നേരിടുന്നതിൽ ഉത്തർപ്രദേശ് സർക്കാറിനെ അലഹബാദ് ഹൈക്കോടതിയും വിമർശിച്ചു. രോഗം വേണ്ടവിധം പ്രതിരോധിക്കുന്നതിൽ സർക്കാർ അലംഭാവം കാണിച്ചുവെന്ന് ഹൈക്കോടതി വിമർശിച്ചു. കൊറോണയുടെ പ്രേതം ഉത്തർപ്രദേശിലെ വഴികളിലൂടെ അലഞ്ഞുതിരിയുന്നതായും കോടതി കുറ്റപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3.62 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3200 പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ രണ്ട് ലക്ഷം കവിഞ്ഞു. അമേരിക്ക, ബ്രസീൽ, മെക്സിക്കോ എന്നിവക്ക് ശേഷം കോവിഡ് മരണ നിരക്ക് രണ്ട് ലക്ഷം പിന്നിടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.