India
ഇന്ത്യന്‍ മാതാപിതാക്കളെ തൃപ്തിപ്പെടുത്താന്‍ ഏത് അവാര്‍ഡിനാകും?  പുലിറ്റ്‌സര്‍ നേടിയ മേഘക്ക് അച്ഛനയച്ച മെസേജ് വായിക്കുക...!
India

ഇന്ത്യന്‍ മാതാപിതാക്കളെ തൃപ്തിപ്പെടുത്താന്‍ ഏത് അവാര്‍ഡിനാകും? പുലിറ്റ്‌സര്‍ നേടിയ മേഘക്ക് അച്ഛനയച്ച മെസേജ് വായിക്കുക...!

Web Desk
|
14 Jun 2021 10:29 AM GMT

ഈ സാഹചര്യത്തോട് ഒരു തികഞ്ഞ ഇന്ത്യന്‍ അച്ഛന്‍റെ പ്രതികരണം എന്നായിരുന്നു ഇന്ത്യന്‍ ട്വിറ്ററാറ്റികള്‍ ഇതിനെ വിശേഷിപ്പിച്ചത്

ഇന്ത്യന്‍ മാതാപിതാക്കളെ ആകര്‍ഷിക്കല്‍ കഠിനമാണെന്നതിനെക്കുറിച്ചുള്ള മീമുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇതിന് കാരണം പുലിറ്റ്സര്‍ അവാര്‍ഡ് ജേതാവും ബസ്ഫീഡ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകയുമായ മേഘ രാജഗോപാലന്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ്. തനിക്ക് പുലിറ്റ്സര്‍ ലഭിച്ചതിന് ശേഷം തന്‍റെ അച്ഛന്‍ അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ടായിരുന്നു മേഘ പങ്കുവെച്ചത്.

പുലിറ്റ്സര്‍ പ്രൈസ് നേടിയ ശേഷം തന്നെ അനുമോദിച്ചുകൊണ്ടുള്ള ആഹ്ലാദ പ്രകടനം വെല്‍ ഡണ്‍ എന്ന രണ്ട് വാക്കുകളില്‍ ഒതുക്കിയ അച്ഛന്‍റെ മെസേജാണ് മേഘ പങ്കുവെച്ചത്. അഭിനന്ദനങ്ങൾ മേഘ. അമ്മയാണ് ഇക്കാര്യം അറിയിച്ചത്. പുലിറ്റ്സര്‍. വെല്‍ ഡണ്‍. മേഘയുടെ അച്ഛന്‍റെ മെസേജിന്‍റെ പൂര്‍ണരൂപം ഇതായിരുന്നു.

ഇതിനെ റീട്വീറ്റ് ചെയ്ത് ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. ഈ സാഹചര്യത്തോട് ഒരു തികഞ്ഞ ഇന്ത്യന്‍ അച്ഛന്‍റെ പ്രതികരണം എന്നായിരുന്നു ഇന്ത്യന്‍ ട്വിറ്ററാറ്റികള്‍ ഇതിനെ വിശേഷിപ്പിച്ചത്. അടുത്തതായി നോബേല്‍ സമ്മാനം നേടാന്‍ മേഘയുടെ അച്ഛന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് എഴുത്തുകാരിയും നിര്‍മ്മാതാവുമായ മീന ഹാരിസ് പറഞ്ഞത്. ഇത്തരത്തില്‍ ഒരു സാധാരണ ഇന്ത്യന്‍ അച്ഛന്‍ മക്കളുടെ നേട്ടത്തില്‍ എങ്ങനെ പ്രതികരിക്കും എന്ന വിഷയത്തില്‍ ട്വിറ്ററാറ്റികള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.

സിങ്ജിയാങ് മേഖലയില്‍ ലക്ഷക്കണക്കിന് മുസ്‌ലിംകളെ തടങ്കലിൽ പാര്‍പ്പിക്കാനായി ചൈന രഹസ്യമായി നിർമ്മിച്ച ജയിലുകളെക്കുറിച്ചും ബഹുജന തടങ്കൽ ക്യാമ്പുകളെക്കുറിച്ചും നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനാണ് മേഘ രാജഗോപാലന്‍ അലിസൺ കില്ലിംഗ്, ക്രിസ്റ്റോ ബുഷെക് എന്നിവര്‍ക്കൊപ്പം പുലിറ്റ്സര്‍ സമ്മാനം ലഭിച്ചത്.

Similar Posts