ഇന്ത്യാക്കാരുടെ ചെലവില്‍ വാക്സിന്‍ കയറ്റുമതി ചെയ്തിട്ടില്ലെന്ന് അഡാര്‍ പൂനെവാല
|2021 ജനുവരിയിൽ കമ്പനിക്ക് ധാരാളം വാക്സിൻ ഡോസുകള്‍ സ്റ്റോക്കുണ്ടായിരുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രസ്താവനയില്‍ പറയുന്നു
ഇന്ത്യാക്കാരുടെ ചെലവില്‍ കോവിഡ് വാക്സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടില്ലെന്ന് സിറം ഇന്‍സ്റ്ററ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനെവാല. 2021 ജനുവരിയിൽ കമ്പനിക്ക് ധാരാളം വാക്സിൻ ഡോസുകള്‍ സ്റ്റോക്കുണ്ടായിരുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
ആ സമയത്ത് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറവായിരുന്നു. അപ്പോള്‍ മറ്റ് രാജ്യങ്ങള്‍ രൂക്ഷമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ആ സമയത്താണ് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ കമ്പനി വാക്സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.
ഇപ്പോൾ ഞങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിച്ചതിനൊപ്പം ഇന്ത്യക്ക് മുൻഗണനയും നൽകിയിരിക്കുകയാണ്. രാജ്യത്ത് നടക്കുന്ന വാക്സിനേഷൻ ഡ്രൈവിന് പൂർണ പിന്തുണ നൽകുകയും ചെയ്യുന്നു. അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ രണ്ടോ മൂന്നോ മാസം കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയില്ലെന്നും പൂനെവാല പറഞ്ഞു.
ലോകജനതക്ക് മുഴുവനും പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ രണ്ടോ മൂന്നോ വര്‍ഷം വേണ്ടി വരും. ലോകത്തെ കോവിഡ് മുക്തമാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് ഫാർമ കമ്പനികൾക്ക് 200 ദശലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്തതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഉത്പാദനത്തിന്‍റെയും വിതരണത്തിന്‍റെയും കാര്യമെടുത്താല്‍ ലോകത്തില്‍ തന്നെ മൂന്നാമതാണ് കമ്പനിയെന്നും പൂനെവാല പറഞ്ഞു.