India
സ്റ്റാലിൻ ദാ വരറ്; ഒരു പതിറ്റാണ്ടിനു ശേഷം തമിഴ്‌നാട്ടില്‍ ഡിഎംകെ
India

സ്റ്റാലിൻ ദാ വരറ്; ഒരു പതിറ്റാണ്ടിനു ശേഷം തമിഴ്‌നാട്ടില്‍ ഡിഎംകെ

Web Desk
|
2 May 2021 4:17 PM GMT

149 സീറ്റുകളില്‍ ഡിഎംകെ മുന്നണി ലീഡ് ചെയ്യുന്നു; ഭരിക്കാൻ വേണ്ട കേവല ഭൂരിപക്ഷം ഡിഎംകെ ഒറ്റയ്ക്ക് നേടും

തമിഴ്‌നാട്ടിൽ ഇത്തവണ ഡിഎംകെയുടെ പ്രചാരണഗാനങ്ങളിൽ ഏറ്റവും ജനകീയമായിരുന്നു 'സ്റ്റാലിൻ ദാ വരറ്'. സ്റ്റാലിൻ തമിഴ്‌നാടിനെ ഭരിക്കാൻ വരുന്നുവെന്നാണ് യൂട്യൂബിൽ 54 മില്യൻ പേർ കണ്ട പാട്ട് പറയുന്നത്. പാട്ട് അക്ഷരംപ്രതി ഒരു പതിറ്റാണ്ടിനു ശേഷം എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ ദ്രാവിഡ മുന്നേറ്റക്കഴകം അധികാരത്തിലേക്ക് തിരിച്ചെത്തുകയാണ്.

അവസാനം വിവരം ലഭിക്കുമ്പോൾ ആകെ 234ൽ 149 സീറ്റുകളിലാണ് ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി ലീഡ് ചെയ്യുന്നത്. ഭരിക്കാൻ വേണ്ട കേവല ഭൂരിപക്ഷമായ 118 ഡിഎംകെ ഒറ്റയ്ക്ക് നേടുമെന്നാണ് ഫലസൂചന. എഐഎഡിഎംകെ മുന്നണി 84 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

എക്‌സിറ്റ്‌പോളുകളെ ശരിവയ്ക്കുന്ന തരത്തിലാണ് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം. ഡിഎംകെ കഴിഞ്ഞ തവണത്തെക്കാൾ 51 സീറ്റിന്റെ നേട്ടമാണ് ഇത്തവണയുണ്ടാക്കിയത്. എഡിഎംകെക്ക് 52 സീറ്റ് നഷ്ടമായപ്പോൾ എഎംകെ ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഡിഎംകെ മുന്നണിയിൽ കോൺഗ്ര് 16 സീറ്റിലും സിപിഎമ്മും സിപിഐയും രണ്ടു വീതം സീറ്റിലും മുന്നിലാണ്. മികച്ച വിജയത്തിൽ സ്റ്റാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാഹുൽ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ചന്ദ്രബാബു നായിഡു, എച്ച്ഡി ദേവഗൗഡ തുടങ്ങിയവരെല്ലാം അനുമോദനമറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി 93,802 വോട്ടിന്റെ വൻ മാർജിനിൽ വിജയിച്ചിട്ടുണ്ട്. എടപ്പാടിയിൽ എഐഎഡിഎംകെക്ക് 1,63,154 വോട്ട് നേടിയപ്പോൾ ഡിഎംകെക്ക് 69,352 വോട്ടാണ് ലഭിച്ചത്. ഒ പന്നീർശെൽവവും ലീഡ് ചെയ്യുകയാണ്. കമൽഹാസന്റെ മക്കൾ നീതി മയ്യം(എംഎൻഎം) ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോയമ്പത്തൂർ സൗത്തിൽ കമൽ ഹാസൻ തന്നെയാണ് പാർട്ടിക്ക് വേണ്ടി ലീഡ് ചെയ്യുന്നത്. എന്നാൽ, ടിടിവി ദിനകരന്റെ എഎംഎംകെക്ക് ഒരിടത്തും മുന്നിലെത്താനായിട്ടില്ല. ദിനകരൻ കോവിൽപെട്ടിയിൽ തോറ്റു.

2011നുശേഷം പാർട്ടി ആചാര്യനായിരുന്ന കെ കരുണാനിധിയുടെ അവസാന കാലങ്ങളിൽ പാർട്ടിക്ക് അധികാരം പിടിക്കാനായില്ലെങ്കിലും ഇപ്പോൾ കലൈഞ്ജറുടെ മകനിലൂടെ വീണ്ടും ദ്രാവിഡ മുന്നേറ്റക്കഴകത്തിന്റെ രാഷ്ട്രീയത്തിന് തമിഴ്‌നാട് ജനത അംഗീകാരം നൽകിയിരിക്കുകയാണ്. ഇതിനു മുൻപ് 1967-71, 1971-76, 1989-91, 1996-2001, 2006-11 എന്നിങ്ങനെ അഞ്ചു തവണയാണ് ഡിഎംകെ ഭരിച്ചിട്ടുള്ളത്.

Similar Posts