ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് മതപ്രബോധനം നടത്തരുത്; ഐഎംഎ അധ്യക്ഷനോട് ഡൽഹി കോടതി
|ഐഎംഎ അധ്യക്ഷ പദവി ദുരുപയോഗം ചെയ്ത് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്താനാണ് ജയലാൽ ശ്രമിക്കുന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു
മതപ്രബോധനത്തിന് ഉത്തരവാദപ്പെട്ട സ്ഥാനം ഉപയോഗിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) അധ്യക്ഷനോട് ഡൽഹി കോടതി. ഐഎംഎ പ്രസിഡന്റ് ജെഎ ജയലാൽ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ പ്രതികരിക്കുകയായിരുന്നു കോടതി.
പരസ്പരം വിദ്വേഷം പുലർത്താൻ മതങ്ങളൊന്നും പഠിപ്പിച്ചിട്ടില്ലെന്ന ഉറുദു കവി അല്ലാമാ ഇഖ്ബാലിന്റെ വിഖ്യാത കവിതയുടെ ശകലങ്ങൾ ഉദ്ധരിച്ചായിരുന്നു കോടതിയുടെ പ്രതികരണം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്ന് ജയലാൽ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇതിനാൽ പ്രത്യേകമായ വിധിയൊന്നും പുറപ്പെടുവിക്കുന്നില്ലെന്നും ഹരജി പരിഗണിച്ച അഡിഷനൽ ജില്ലാ ജഡ്ജി അജയ് ഗോയൽ പറഞ്ഞു. ഒരുവിധത്തിലുള്ള മതപ്രബോധനത്തിനും അദ്ദേഹം ഐഎംഎ വേദി ഉപയോഗിക്കില്ലെന്നും ആരോഗ്യ പ്രവർത്തകരുടെ ക്ഷേമത്തിനു വേണ്ടിയും ആരോഗ്യരംഗത്തിന്റെ പുരോഗതിക്കു വേണ്ടിയുമുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും കോടതി അറിയിച്ചു.
കോവിഡ് ചികിത്സയുടെ കാര്യത്തിൽ ആയുർവേദത്തെ താഴ്ത്തിക്കെട്ടുകയും അലോപതി മരുന്നുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ക്രിസ്തുമതം പ്രചരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് പരാതിക്കാരനായ രോഹിത് ഝാ ആരോപിച്ചത്. ഹിന്ദുമതത്തെ ഇകഴ്ത്തുകയാണ് ഇതുവഴി ചെയ്യുന്നത്. ഐഎംഎയുടെ അധ്യക്ഷ പദവി ദുരുപയോഗപ്പെടുത്തി ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്താനാണ് ജയലാൽ ശ്രമിക്കുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. ഹിന്ദു മതത്തിനും ആയുർവേദത്തിനും അപകീർത്തിയുണ്ടാക്കുന്ന തരത്തിൽ പരാമർശം നടത്തുന്നത് തടയണമെന്നും ജയലാലിന്റെ അഭിമുഖങ്ങളും ലേഖനങ്ങളും ചൂണ്ടിക്കാട്ടി പരാതിക്കാരൻ ആവശ്യപ്പെട്ടു.