India
രോഗികളുടെ മരണം കണ്ടുനില്‍ക്കാനായില്ല.. യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു
India

രോഗികളുടെ മരണം കണ്ടുനില്‍ക്കാനായില്ല.. യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു

Web Desk
|
1 May 2021 4:31 PM GMT

നൂറു കണക്കിന് പേരുടെ ജീവന്‍ ഈ മഹാമാരിക്കാലത്ത് ഡോക്ടര്‍ രക്ഷിച്ചു

നൂറു കണക്കിന് കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കോവിഡ് കാലത്തെ മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ് ഡോക്ടര്‍ വിവേക് റായ് ആത്മഹത്യ ചെയ്തതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു വിവേക് റായ്.

"ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നുള്ള സമര്‍ഥനായ ഡോക്ടറായിരുന്നു വിവേക് റായ്. നൂറു കണക്കിന് പേരുടെ ജീവന്‍ ഈ മഹാമാരിക്കാലത്ത് അദ്ദേഹം രക്ഷിച്ചു. കഴിഞ്ഞ ഒരു മാസമായി കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള 8 രോഗികളെ വരെ അദ്ദേഹം പ്രതിദിനം ചികിത്സിച്ചിരുന്നു. രോഗികളില്‍ പലരും മരിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന് വിഷാദം ബാധിച്ചു. താന്‍ ചികിത്സിച്ച രോഗികള്‍ മരിക്കുന്നത് അദ്ദേഹത്തിന് കണ്ടുനില്‍ക്കാനായില്ല"- ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് രവി വാന്‍ഖേഡ്കര്‍ പറഞ്ഞു.

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തിന്‍റെ ആഴം ഈ സംഭവം വ്യക്തമാക്കുന്നു. മികച്ച ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത, ചീഞ്ഞ രാഷ്ട്രീയം, മോശം ഭരണം.. ഈ സംവിധാനം ഡോക്ടറെ കൊല്ലുകയായിരുന്നുവെന്ന് ഡോ.രവി വാന്‍ഖേഡ്കര്‍ വിമര്‍ശിച്ചു.

ഡോക്ടര്‍ വിവേകിന്‍റെ വിവാഹം കഴിഞ്ഞ നവംബറിലായിരുന്നു. ഭാര്യ രണ്ട് മാസം ഗര്‍ഭിണിയാണ്. ഡോക്ടറുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിലേക്ക് മാറ്റി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓക്സിജന്‍ ക്ഷാമം കാരണം പ്രാണവായു കിട്ടാതെ രോഗികള്‍ ഡല്‍ഹിയില്‍ പിടഞ്ഞുമരിക്കുന്ന ദാരുണ സംഭവങ്ങളുണ്ടായി. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പോലും ചികിത്സ കിട്ടുന്നില്ല. ഇന്ന് ബത്ര ആശുപത്രിയില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് പേരാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്.

Similar Posts