India
കോവിഡ് കാലത്തെ വിഐപി സംസ്കാരം: ഡോക്ടര്‍മാര്‍ മോദിക്ക് പരാതി നല്‍കി
India

കോവിഡ് കാലത്തെ വിഐപി സംസ്കാരം: ഡോക്ടര്‍മാര്‍ മോദിക്ക് പരാതി നല്‍കി

Web Desk
|
13 April 2021 4:39 PM GMT

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാഷ്ട്രീയ നേതാക്കൾ വീടുകളിലേക്ക് വിളിക്കുന്നതിനെതിരെയാണ് പരാതി.

കോവിഡ് കാലത്തെ വിഐപി സംസ്കാരത്തിനെതിരെ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷനാണ് (എഫ്എഐഎംഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയത്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാഷ്ട്രീയ നേതാക്കൾ വീടുകളിലേക്ക് വിളിക്കുന്നതിനെതിരെയാണ് പരാതി.

കോവിഡ് പ്രതിരോധത്തില്‍ മുൻനിര പോരാളികളായ ഡോക്ടർമാർക്ക് കോവിഡ് ബാധിക്കുമ്പോള്‍ ചികിത്സക്ക് മതിയായ സൌകര്യമില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ നേതാക്കൾക്കും അവരുടെ അനുയായികൾക്കുമാണ് മുന്‍ഗണന നല്‍കുന്നത്. അവരെ വീട്ടില്‍ പോയി ചികിത്സിക്കേണ്ടിവരുന്നു. റാലികളും മറ്റും സംഘടിപ്പിച്ച് അവരാണ് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

കേന്ദ്ര, സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധനയ്ക്കായി വിഐപി കൗണ്ടറുകളുണ്ട്. രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കുമാണ് ഈ സൌകര്യം. എന്നാൽ ഡോക്ടർമാർക്ക് പരിശോധനയ്ക്കായി പ്രത്യേക കൗണ്ടറുകൾ ഇല്ലെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ സൂപ്രണ്ടിന്‍റെ ഉത്തരവ് ഇല്ലെങ്കിലും ഭൂരിപക്ഷം രാഷ്ട്രീയക്കാരും ഡോക്ടർമാരെ അവരുടെ വസതിയിലേക്ക് വിളിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

എഫ്എഐഎംഎ പ്രസിഡന്‍റ് ഡോ. രാകേഷ് ബാഗ്ദിയും വൈസ് പ്രസിഡന്‍റ് ഡോ.അമര്‍നാഥ് യാദവും ജനറല്‍ സെക്രട്ടറി സുബ്രങ്കര്‍ ദത്തയുമാണ് കത്തില്‍ ഒപ്പുവെച്ചത്. കോവിഡ് മുന്നണി പോരാളികള്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ചികിത്സക്ക് കാത്തുനില്‍ക്കേണ്ട അവസ്ഥ മാറണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

Similar Posts