സംസ്‌കൃതം ഔദ്യോഗിക ഭാഷയാക്കാൻ അംബേദ്കർ നിർദേശിച്ചു, പിന്നീടൊന്നും നടന്നില്ല: ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ
|മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ പുതിയ അക്കാദമിക് ബിൽഡിങ്ങിന്റെ ഉദ്ഘാടനത്തിനിടെയാണ് ബോബ്‌ഡെയുടെ പരാമർശങ്ങൾ
നാഗ്പൂർ: സംസ്‌കൃതം ഔദ്യോഗിക ഭാഷയാക്കണമെന്ന് ഡോ. ബി.ആർ അംബേദ്കര്‍ നിർദേശിച്ചിരുന്നുവെന്നും എന്നാൽ ആ വഴിക്ക് കാര്യങ്ങൾ നടന്നില്ലെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ പുതിയ അക്കാദമിക് ബിൽഡിങ്ങിന്റെ ഉദ്ഘാടനത്തിനിടെയാണ് ബോബ്‌ഡെയുടെ പരാമർശങ്ങൾ.
ഏതുഭാഷയിൽ പ്രസംഗിക്കണം എന്നതിൽ തനിക്ക് ആശയക്കുഴപ്പമുണ്ടെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് പ്രസംഗം ആരംഭിച്ചത്. 'ഈ പ്രതിസന്ധി രാജ്യം നേരത്തെ തന്നെ അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഏതു ഭാഷ ഉപയോഗിക്കണമെന്ന ചോദ്യങ്ങൾ പലപ്പോഴും ഉയർന്നു വന്നിരുന്നു. ചിലർ തമിഴ് വേണമെന്ന് പറഞ്ഞു. ചിലർ തെലുങ്കിനൊപ്പം നിന്നു. ആരും ഇക്കാര്യം ശ്രദ്ധിച്ചില്ല' - ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഉത്തരേന്ത്യയ്ക്കാർ തമിഴ് അംഗീകരിക്കില്ല. ദക്ഷിണേന്ത്യയ്ക്കാർ ഹിന്ദിയും അംഗീകരിക്കില്ല. അതിന് പരിഹാരം സംസ്‌കൃതമാണെന്ന് അംബേദ്കർ വിശ്വസിച്ചു. സംസ്‌കൃതത്തെ ഔദ്യോഗിക ഭാഷയാക്കണമെന്ന് അംബേദ്കർ നിർദേശിച്ചിരുന്നു. ഈ നിർദേശത്തിൽ അംബേദ്കറിന് പുറമേ, ചില മുല്ലമാരും പണ്ഡിറ്റുകളും പൂജാരിമാരും ഒപ്പുവച്ചിരുന്നു- ജസ്റ്റിസ് ബോബ്‌ഡെ കൂട്ടിച്ചേർത്തു.
ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ഭൂഷൺ ഗവായ് എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഓൺലൈൻ വഴിയാണ് ചടങ്ങിൽ സംസാരിച്ചത്.