ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
|തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയത്.
പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പ്രചാരണത്തില്‍ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇന്ന് വൈകീട്ട് ഏഴുമുതല്‍ നാളെ വൈകീട്ട് ഏഴുവരെ 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കുച്ച്ബിഹാർ ജില്ലയിലെ പോളിംഗ് സ്റ്റേഷന് മുന്നിലെ വെടിവെയ്പ് സംഭവത്തോടനുബന്ധിച്ചാണ് ദിലീപ് ഘോഷ് വിവാദ പരാമര്‍ശം നടത്തിയത്. ''സീതാൽകുച്ചിയിൽ എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ കണ്ടു. ആരെങ്കിലും അതിരു കടക്കാൻ ശ്രമിച്ചാൽ ഈ സംഭവം ആവർത്തിക്കപ്പെടും'' എന്നായിരുന്നു ദിലീപ് ഘോഷിന്റെ വാക്കുകൾ.
നേരത്തെ ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹയേയും പ്രചാരണത്തില്‍ നിന്ന് വിലക്കി കമ്മീഷന് ഉത്തരവിറക്കിയിരുന്നു. 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കുച്ച്ബിഹാറിലെ സീതാല്‍കുച്ചിയില്‍ നാലുപേരെയായിരുന്നില്ല, എട്ടുപേരെയെങ്കിലും വെടിവെച്ച് കൊല്ലേണ്ടതായിരുന്നു എന്നായിരുന്നു രാഹുല്‍ സിന്‍ഹയുടെ പരാമര്‍ശം. ഹബ്ര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയാണ് രാഹുല്‍ സിന്‍ഹ.