India
കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കരുത്: മദ്രാസ് ഹൈക്കോടതിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
India

"കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കരുത്": മദ്രാസ് ഹൈക്കോടതിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Web Desk
|
30 April 2021 7:06 AM GMT

മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍.

കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഒരു നിയന്ത്രണവുമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അവസരമൊരുക്കി, കോവിഡ് വ്യാപനം അതിരൂക്ഷമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം വാര്‍ത്തയായതിന്‍റെ പശ്ചാത്തലത്തിലാണ് ആവശ്യം.

കോടതി നിരീക്ഷണം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ദുഃഖിപ്പിച്ചുവെന്നാണ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രതിഛായയ്ക്ക് ഇത് കളങ്കമുണ്ടാക്കി. തെരഞ്ഞെടുപ്പ് നടത്തുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം മാത്രമാണ് കമ്മീഷന്‍ നിർവഹിച്ചതെന്നും പരാതിയില്‍ പറയുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതിന് തെരഞ്ഞെടുപ്പ് പ്രചാരണം കാരണമായെന്ന് തെളിയിക്കുന്നതൊന്നുമില്ലെന്നും കോവിഡ് അധികമുള്ള സംസ്ഥാനങ്ങളെല്ലാം തെരഞ്ഞെടുപ്പ് നടന്നവയല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ നീരീക്ഷണത്തിനു ശേഷം പശ്ചിമ ബംഗാളിൽ കൊലപാതക കുറ്റം ആരോപിച്ച് കമ്മീഷനെതിരെ പൊലീസ് കേസുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോവിഡിന്‍റെ രണ്ടാം വ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ കമ്മീഷൻ വേണ്ട വിധത്തിൽ പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Similar Posts