വിജയമാഘോഷിച്ചാൽ 'പണികിട്ടും': ചീഫ് സെക്രട്ടറിമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശം
|തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷ വിമർശനമാണ് നേരിട്ടത്.
നിയമസഭാ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വിജയാഘോഷങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് പെരുമാറ്റച്ചട്ടം മറികടന്ന് തെരഞ്ഞടുപ്പ് വിജയം ആഘോഷിക്കുന്നവർക്കെതിരെ കേസെടുക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
കേരള, അസം, തമിഴ്നാട്, പശ്ചമി ബംഗാൾ സംസ്ഥനാങ്ങളിലും പുതുച്ചേരിയിലും വോട്ടെണ്ണൽ തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. കഴിഞ്ഞ മാസമാണ് ഇവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
കോവിഡ‍് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ഉടൻ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പേരിലുള്ള ഒരു ആൾക്കൂട്ടവും അനുവദിക്കില്ലെന്നും കമ്മീഷന്റെ വക്താവ് പറഞ്ഞു. വിജയാഘോഷ പ്രകടനങ്ങൾ നിരോധിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിൽ 27 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷ വിമർശനമാണ് നേരിട്ടത്.