അനുവദിച്ച ഓക്സിജൻ ലഭ്യമാക്കാൻ കാലതാമസം എന്തിന്? കേന്ദ്രത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി
|ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട 490 മെട്രിക് ടണ്‍ ഓക്സിജന്‍ ഇന്നു തന്നെ നല്‍കണം.
രാജ്യതലസ്ഥാനത്ത് ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമാകവെ അനുവദിച്ച ഓക്സിജൻ ലഭ്യമാക്കാൻ കാലതാമസം എന്തിനെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട 490 മെട്രിക് ടണ്‍ ഓക്സിജന്‍ ഇന്നു തന്നെ നല്‍കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദ്ദേശിച്ചു. നിർദേശം നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥര്‍ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്കി.
ഡൽഹിയിൽ മരിക്കുന്നവരുടെ നേരെ കണ്ണടയ്ക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ എട്ടു രോഗികള്‍ മരിച്ച പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പ്രതികരണം. ഓക്സിജന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബത്ര ആശുപത്രി തന്നെ നല്കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് എട്ടുപേര്‍ മരിച്ചതായി ആശുപത്രി കോടതിയെ അറിയിച്ചത്.
ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് അറിയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയോടെ രോഗികളുടെ എണ്ണം, ആശുപത്രി വിട്ടവരുടെ കണക്ക് എന്നിവ സമർപ്പിക്കാനാണ് നിര്‍ദേശം. വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
ഡൽഹിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിദിനം 976 ടൺ ഓക്സിജൻ വേണമെന്നും 490 ടൺ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ നിന്ന് സഹായം അഭ്യർഥിച്ച് ഫോൺ കോളുകൾ വരികയാണ്. ഈ സാഹചര്യത്തില്‍ കോടതിയെയും കേന്ദ്രത്തെയും വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.