വിവരങ്ങൾ സുരക്ഷിതം; കോവിൻ പോർട്ടൽ ഹാക്ക് ചെയ്‌തെന്ന വാർത്തകൾ തള്ളി കേന്ദ്രം
|കോവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യാനുള്ള കോവിൻ പോർട്ടൽ ഹാക്ക് ചെയ്യപ്പെട്ടുവെന്ന റിപോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. വിവരങ്ങളെല്ലാം സുരക്ഷിതമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കോവിനിലെ വിവരങ്ങൾ മറ്റാരുമായും പങ്കുവെക്കുന്നില്ലെന്ന് എംപവേർഡ് ഗ്രൂപ് ഓഫ് വാക്സിൻ അഡ്മിനിസ്ട്രേഷൻ അധ്യക്ഷൻ ഡോ. ആർ,എസ് ശർമ്മ പറഞ്ഞു.
" കോവിൻ പോർട്ടൽ ഹാക്ക് ചെയ്തപ്പെട്ടുവെന്ന് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. പ്രഥമദൃഷ്ട്യാ ഇത്തരം റിപ്പോർട്ടുകളെല്ലാം വ്യാജമാണ്." - പ്രസ്താവനയിൽ പറയുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് , ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന് കീഴിലെ എമർജൻസി റെസ്പോൺസ് ടീം വിഷയം അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. റിപ്പോർട്ടുകളിൽ ചോർന്നുവെന്ന് പറയുന്ന ഉപയോക്താക്കളുടെ സ്ഥാനവിവരങ്ങൾ പോർട്ടലിൽ ശേഖരിക്കുന്നു പോലുമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.