കേരളത്തിന് പുറമെ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കൂടി നാളെ അറിയാം
|ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണത്തുടർച്ചയാണ് മിക്ക എക്സിറ്റ് പോൾ സർവെകളും പ്രവചിക്കുന്നത്
പശ്ചിമബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കൂടി നാളെ അറിയും. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണത്തുടർച്ചയാണ് മിക്ക എക്സിറ്റ് പോൾ സർവെകളും പ്രവചിക്കുന്നത്. തമിഴ്നാട്ടിൽ എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡി.എം.കെ സഖ്യം അധികാരത്തിലേറുമെന്നാണ് സർവേ ഫലങ്ങൾ.
കേരളത്തിനു പുറമെ നാളെ നാലിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടിയാണ് പുറത്തുവരിക. പശ്ചിമബംഗാളിൽ മമതാ ബാനർജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിർണായക വിധിയാകും. റിപബ്ലിക് ടിവി-സിഎൻഎക്സ് ഒഴികെയുള്ള എക്സിറ്റ് പോൾ സർവെകളെല്ലാംതൃണമൂൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. 152 സീറ്റ് മുതൽ 176 സീറ്റ് വരെ സീറ്റുകൾ തൃണമൂൽ കോൺഗ്രസ് നേടുമെന്നാണ് വിവിധ സർവേകൾ പ്രവചിക്കുന്നത്. ബംഗാളിൽ കേവല ഭൂരിപക്ഷം ലഭിക്കാൻ 147 സീറ്റുകളെങ്കിലും നേടണം.
തമിഴ്നാട്ടിൽ എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡി.എം. കെ സഖ്യം അധികാരത്തിലേറുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 175 മുതൽ 195 വരെ സീറ്റുകൾ ഡിഎംകെക്ക് ലഭിച്ചേക്കാം.എ ഐഡിഎംകെ സഖ്യത്തിന് 38 മുതൽ 54 വരെ സീറ്റുകൾ ലഭിക്കും. ടിടിവി ദിനകരന്റെ എഎംഎം കെ ഒന്നുമുതൽ ഏഴു സീറ്റുകൾ വരെ നേടും. കമൽഹാസന്‍റെ മക്കൾ നീതി മയ്യം പരമാവധി രണ്ട് സീറ്റുകൾ നേടുമെന്നും സർവേകൾ പ്രവചിച്ചിരുന്നു.
അസമിലെ തെരഞ്ഞെടുപ്പ് വിധിയും ഏറെ നിർണാകമാണ്. അസമിൽ ബി.ജെ.പിക്കും കോൺഗ്രസിനും തുല്യ സാധ്യതയാണ് എക്സിറ്റ് പോൾ സ൪വെകൾ പ്രവചിക്കുച്ചത്. പുതുച്ചേരിയിൽ നേരിയ ഭൂരിപക്ഷത്തിന് എൻ.ഡി.എ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഏതായാലും ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി ഏതെങ്കിലും സംസ്ഥാനത്ത് ഉണ്ടായാൽ ഗവർണർ ശ്രദ്ധാകേന്ദ്രമാകും. രാഷ്ട്രീയ കുതിരക്കച്ചവടത്തിനും.