റെംഡെസിവിർ വേണം; മെഡിക്കല്‍ ഓഫീസറുടെ കാലില്‍വീണ് രോഗികളുടെ ബന്ധുക്കള്‍
|യഥാർത്ഥ വിലയുടെ അനേകം ഇരട്ടിയാണ് കരിഞ്ചന്തയിൽ റെംഡെസിവിറിന് ഈടാക്കുന്നത്.
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിനു വേണ്ടി മെഡിക്കല്‍ ഓഫീസറുടെ കാലില്‍ വീണ് കേണപേക്ഷിച്ച് രോഗികളുടെ ബന്ധുക്കള്‍. യു.പിയിലെ നോയിഡയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചീഫ് മെഡിക്കൽ ഓഫിസർ ദീപക് ഓഹ്റിക്ക് അപേക്ഷ നല്കിയ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ കാലില്‍തൊട്ട് കൈകൂപ്പി അഭ്യര്‍ഥിക്കുന്നത് വീഡിയോയില്‍ കാണാം.
#WATCH Noida | Families of #COVID19 patients touch the feet of Chief Medical Officer (CMO) Deepak Ohri, requesting him that they be provided with Remdesivir.
— ANI UP (@ANINewsUP) April 28, 2021
(27.04.2021) pic.twitter.com/zX4ne027Mr
കോവിഡ് പൂർണമായി ഭേദമാക്കാൻ റെംഡെസിവിറിനാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയുൾപ്പെടെ 50 ഓളം രാജ്യങ്ങൾ കോവിഡ് ചികിത്സയ്ക്ക് ഇതുപയോഗിക്കാമെന്നാണ് പറയുന്നത്. ഇതിന്റെ ഭാഗമായാണ് ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡോക്ടർമാർ റെംഡെസിവിർ നിർദേശിക്കുന്നത്.
അതേസമയം, റെംഡെസിവിർ ആശുപത്രികളിൽ എത്താതെ കരിഞ്ചന്തയിൽ വന്‍ തോതില്‍ വില്ക്കപ്പെടുന്നുണ്ട്. യഥാർത്ഥ വിലയുടെ 10 ഇരട്ടിക്കും അതിലും കൂടിയ നിരക്കിലുമാണ് വില്‍പ്പന. കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള ഡൽഹിയിൽ 30,000- 40,000 രൂപ വരെയാണ് ഒരു ഡോസിന് കരിഞ്ചന്തയിൽ ഈടാക്കുന്നത്. ഒരു രോഗിക്ക് ശരാശരി ആറു ഡോസ് വരെ വേണം. ഒരു ഡോസിന് 30,000 വേണ്ടിവരുമ്പോൾ ഈ മരുന്നിനു മാത്രം 1,80,000 രൂപയാകും.