പി.എം കെയര്‍ വഴി നല്കിയ വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
|പി.എം കെയറിൽ നിന്ന് ലഭിച്ച വെൻറിലേറ്ററുകൾ ഉപയോഗശൂന്യമാണെന്ന് നേരത്തെ പഞ്ചാബും രാജസ്ഥാനും വെളിപ്പെടുത്തിയിരുന്നു.
പി.എം കെയര്‍ ഫണ്ടിന് കീഴില്‍ വിതരണം ചെയ്ത വെന്റിലേറ്ററുകളില്‍ വന്‍ അഴിമതി നടന്നതായി മഹാരാഷ്ട്രയും. സംസ്ഥാനത്ത് വിതരണം ചെയ്ത വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണെന്നും ടെക്നീഷ്യന്മാര്ക്ക് പോലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന് സാവന്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് തകരാറിലായ വെൻറിലേറ്ററുകളുടെ കണക്കുകളും പുറത്തുവിട്ടു.
ഔറംഗബാദ് മെഡിക്കല്‍ കോളേജ് വിദഗ്ധരാണ് വെന്റിലേറ്ററിലെ തകരാറുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പണമാണ് പി.എം കെയര്‍ ഫണ്ടിലുള്ളതെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് വെന്റിലേറ്ററില്‍ വിതരണത്തിലെ അനാസ്ഥയെന്നും സച്ചിന് പറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികളിൽ അവശ്യത്തിനുള്ള വെൻറിലേറ്ററുകൾ ഇല്ലാത്തതിനെ തുടർന്നാണ് പി.എം കെയർ ഫണ്ടിൽ നിന്ന് വെൻറിലേറ്ററുകൾ അനുവദിച്ചത്. ഇതിനായി രണ്ടായിരം കോടി രൂപ സർക്കാർ പി.എം കെയർ ഫണ്ടിൽ നിന്ന് അനുവദിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇത്തരത്തിൽ ലഭിച്ച വെൻറിലേറ്ററുകൾ സ്ഥലം മുടക്കിയാണെന്നതല്ലാതെ രോഗികളുടെ ജീവൻ രക്ഷിക്കാനുപയോഗിക്കാനാകില്ലെന്നാണ് ഔറംഗാബാദ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നത്.
കമ്പനിയുടെ ടെക്നീഷ്യൻമാർ വന്നിരുന്നെങ്കിലും തകരാർ പരിഹരിക്കനായില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു. വെൻറിലേറ്ററുകളിൽ തകരാർ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കുന്ന ഔറംഗാബാദ് മെഡിക്കൽ കോളജധികൃതരുടെ റിപ്പോർട്ടാണ് സച്ചിൻ സാവന്ത് പുറത്തുവിട്ടത്. മനുഷ്യർ മരിച്ച് വീഴുമ്പോഴും മോദി സർക്കാർ നടത്തുന്ന അഴിമതി മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
പി.എം കെയറിൽ നിന്ന് ലഭിച്ച വെൻറിലേറ്ററുകൾ ഉപയോഗശൂന്യമാണെന്ന് പഞ്ചാബും രാജസ്ഥാനും നേരത്തെ വെളിപ്പെടുത്തിയിരുന്നു.