രാമക്ഷേത്രം: ഒക്ടോബറോടെ തറനിർമാണം പൂർത്തിയാകുമെന്ന് ട്രസ്റ്റ്
|യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ അയോധ്യ വികസന പദ്ധതികൾ ചർച്ച ചെയ്യാനായി പ്രത്യേക യോഗം ചേർന്നു
അയോധ്യയിൽ രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നു. ഒക്ടോബറോടെ ക്ഷേത്ര തറയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുമെന്ന് ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു.
ബാബരി മസ്ജിദ് കേസിൽ ഭൂമി ക്ഷേത്രത്തിനു വിട്ടുനൽകിയ കോടതിവിധിക്കു ശേഷം ആരംഭിച്ചതാണ് ട്രസ്റ്റ്. കേന്ദ്ര സർക്കാരാണ് ക്ഷേത്രത്തിന്റെ നിർമാണപ്രവൃത്തികൾക്കു മേൽനോട്ടം വഹിക്കാനെന്ന പേരിൽ ട്രസ്റ്റിനു രൂപംനൽകിയത്. 15 അംഗങ്ങളാണ് ട്രസ്റ്റിലുള്ളത്.
ധ്രുതഗതിയിലാണ് ക്ഷേത്രത്തിന്റെ നിർമാണപ്രവൃത്തികൾ നടക്കുന്നതെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പാട്ട് റായ് പറഞ്ഞു. 12 മണിക്കൂർ വീതം രണ്ടു ഘട്ടങ്ങളിലായാണ് ദിവസവും നിർമാണങ്ങൾ നടക്കുന്നത്. 1.2 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്ത് മണ്ണ് കുഴിച്ചിട്ടുണ്ടെന്ന് റായ് അറിയിച്ചു. മൂന്നു വർഷത്തിനകം ക്ഷേത്ര നിർമാണം പൂർത്തീകരിക്കുമെന്നാണ് നേരത്തെ ട്രസ്റ്റ് അധികൃതർ അറിയിച്ചിരുന്നത്.
അതിനിടെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ അയോധ്യ വികസന പദ്ധതികൾ ചർച്ച ചെയ്യാനായി യോഗം ചേർന്നു. ഇന്നു നടന്ന യോഗത്തിൽ അയോധ്യ വികസനത്തിനായുള്ള ദർശനരേഖ ചർച്ച ചെയ്തു എന്നാണ് അറിയുന്നത്. പദ്ധതിയുടെ ഭാഗമായി അടുത്തിടെ നിരവധി കമ്പനികളുമായി യുപി ഭരണകൂടം കരാറിൽ ഒപ്പുവച്ചിരുന്നു.