ബംഗാളില്‍ ഒരു സ്ഥാനാര്‍ഥി കൂടി കോവിഡ് ബാധിച്ച് മരിച്ചു
|പത്ത് ദിവസത്തിനിടെ വിവിധ പാര്‍ട്ടികളുടെ നാല് സ്ഥാനാർഥികളാണ് ബംഗാളിൽ കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, ബംഗാളിൽ ഒരു സ്ഥാനാർഥി കൂടി രോഗം ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി സമീർ ഘോഷ് ആണ് കോവിഡ് ബാധിച്ച് മരിച്ചത്. അവസാന ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കാൻ രണ്ട് ദിവസം ബാക്കിയിരിക്കെയാണ് സ്ഥാനാർഥി മരിച്ചത്. പത്ത് ദിവസത്തിനിടെ വിവിധ പാര്‍ട്ടികളുടെ നാല് സ്ഥാനാർഥികളാണ് ബംഗാളിൽ കോവിഡ് ബാധിച്ച് മരിച്ചത്.
അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബൈസ്നാബ്നഗർ മണ്ഡലത്തിൽ നിന്നായിരുന്നു സമീർ ഘോഷ് ജനവിധി തേടേണ്ടിയിരുന്നത്. നേരത്തെ തൃണമൂൽ കോൺഗ്രസിന്റെ കാജൽ സിൻഹ, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി നേതാവ് പ്രദീപ് കുമാർ, കോൺഗ്രസിന്റെ റസൂൽ ഹഖ് എന്നിവരും കോവിഡ് ബാധിച്ച് മരിച്ച സ്ഥാനാർഥികളായിരുന്നു. ഏപ്രിൽ പതിനേഴിന് തൃണമൂൽ എം.എൽ.എ അബ്ദുറഹ്മാനും കോവിഡ് ബാധിച്ചാണ് മരിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ രണ്ടാമതും കോവിഡ് പോസിറ്റീവ് ആയിരുന്നു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഫലപ്രഖ്യാപനം പുറത്ത് വിടുന്ന മെയ് രണ്ടിന് ആഹ്ലാദ പ്രകടനങ്ങൾ നിരോധിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇറക്കിയിരുന്നു. ബംഗാളിന് പുറമെ, കേരള, തമിഴ്നാട്, ആസാം, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് റിസൽട്ടാണ് രണ്ടാം തീയതി പ്രഖ്യാപിക്കുന്നത്.