മമത പെരുമാറുന്നത് കിം ജോങ് ഉന്നിനെ പോലെയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
|'നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അംഗീകരിക്കാന്‍ മമത ഇതുവരെ തയ്യാറായിട്ടില്ല'
മമത ബാനര്‍ജി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ പോലെ നിഷ്‌കരുണം രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബിഹാര്‍ സന്ദര്‍ശിച്ച ശേഷം ബിജെപി സംസ്ഥാന ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ അവഹേളിക്കുകയാണ് മമത. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അംഗീകരിക്കാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചേരുന്ന നിതി ആയോഗിന്റെ യോഗങ്ങളില്‍ ഒരിക്കലും മമത പങ്കെടുത്തിട്ടില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ നിരവധിപേരാണ് കൊല്ലപ്പെട്ടത്. അധികാരം വീണ്ടും ലഭിച്ചതോടെ മമത അക്രമം അഴിച്ചുവിടുകയാണെന്നാണ് ബിജെപി ആരോപണം. എന്നാല്‍ ബിജെപി പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.