പുതിയ ഐ.ടി നയം; പാലിക്കാൻ സമ്മതമറിയിച്ച് ഗൂഗ്‌ൾ
|ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ പുതിയ ഐ.ടി നിയമം പാലിക്കാൻ തയ്യാറെന്ന് ഗൂഗ്ളും യൂട്യൂബും. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പിൽവരുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് ഗൂഗ്‌ൾ അറിയിച്ചിരിക്കുന്നത്. ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.
നിയമപ്രകാരം പ്രവർത്തിക്കുകയെന്ന വിഷയത്തിൽ അതത് സർക്കാറുകൾക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ് കമ്പനിയുടെതെന്നും ഇനിയും അത് തുടരുമെന്നും യൂട്യൂബ് കൂടി ഭാഗമായ ഗൂഗ്‌ൾ പറഞ്ഞു.'
'ഇന്ത്യയുടെ നിയമനിർമാണ പ്രക്രിയയെ ബഹുമാനിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ട്. സർക്കാർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഉള്ളടക്കം ഒഴിവാക്കുന്നതാണ് നീണ്ട കാലമായുള്ള കമ്പനിയുടെ ചരിത്രം. നിയമവിരുദ്ധ ഉള്ളടക്കം കയറിവരാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഇതിനുവേണ്ടി നിലവിലുള്ള സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഇനിയും തയ്യാറാണ്'- പ്രസ്താവനയിലൂടെ കമ്പനി വ്യക്തമാക്കി.
ഗൂഗ്ളിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമുണ്ടായെങ്കിലും ഫേസ്ബുക്കും ട്വിറ്ററും ഉൾപെടെ ഈ വിഷയത്തിൽ ഇതുവരെയും വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഐടി നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും ചില വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നതായും ഫേസ്ബുക്കിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ട്.