India
ജൂലൈ മാസത്തോടെ പ്രതിദിനം ഒരു കോടി ആളുകൾക്ക് കുത്തിവെപ്പ് നൽകുമെന്ന് കേന്ദ്രം
India

ജൂലൈ മാസത്തോടെ പ്രതിദിനം ഒരു കോടി ആളുകൾക്ക് കുത്തിവെപ്പ് നൽകുമെന്ന് കേന്ദ്രം

Web Desk
|
1 Jun 2021 7:53 AM GMT

വിദേശ വാക്സിനുകളുടെ കൂടുതൽ ഡോസ് എത്തിക്കാനും ശ്രമം തുടരുകയാണ്

കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാൻ ഊർജിത നടപടികളുമായി കേന്ദ്രം. ജൂലൈ മാസത്തോടെ പ്രതിദിനം ഒരു കോടി ആളുകൾക്ക് കുത്തിവെപ്പ് നൽകാനാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശ വാക്സിനുകളുടെ കൂടുതൽ ഡോസ് എത്തിക്കാനും ശ്രമം തുടരുകയാണ്.

മൂന്നാം തരംഗത്തിന് മുന്‍പായി 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.ഡിസംബറോടെ വാക്സിനേഷൻ പൂർത്തിയാക്കുമെന്നാണ് അവകാശവാദം . ഈ മാസം 12 കോടി ഡോസ് വാക്സിനും ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി ഡോസും ലഭ്യമാക്കാനാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഷീൽഡും കോവാക്സിനും ഉത്പാദനം വർധിപ്പിക്കും. രണ്ട് മാസത്തിനകം രണ്ടര കോടി ഡോസ് എത്തിക്കുമെന്ന് സ്പുട്നിക്ക് വ്യക്തമാക്കി.

ഒറ്റ ഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റ് ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്.നഷ്ടപരിഹാര വ്യവസ്ഥകളിൽ തീരുമാനമായാൽ ഫൈസർ അഞ്ച് കോടി ഡോസ് എത്തിക്കും. മൊഡേണയുടെ ബൂസ്റ്റർ വാക്സിൻ എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് മരുന്ന് കമ്പനിയായ സിപ്ല കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിലനിർണയം, കസ്റ്റംസ് ഡ്യൂട്ടി , വാക്സിൻ പരീക്ഷണം എന്നിവയിൽ ഇളവ് വേണം.

മൊഡേണയുമായി 7,250 കോടിയുടെ കരാറിൽ ഒപ്പുവെക്കുമെന്നും സിപ്ല കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം ഇന്ത്യക്ക് വാക്സിൻ നൽകാനാകുമെന്ന് മൊഡേണ അറിയിച്ചിരുന്നു. കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും വാക്സിൻ ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താനും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

Similar Posts