കൊറോണ വൈറസ് വായുവില്‍ പത്തു മീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ്
|വായു സഞ്ചാരം ഉറപ്പാക്കാന്‍ സാധിച്ചാല്‍ വൈറസിന്‍റെ സാന്ദ്രത കുറയ്ക്കാനാകും.
കൊറോണ വൈറസ് വായുവില്‍ പത്തു മീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. കോവിഡ് പ്രതിരോധത്തിന് ഇരട്ട മാസ്കും സാമൂഹിക അകലവും വായു സഞ്ചാരവും ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
കോവിഡ് രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന ജലകണിക രണ്ടു മീറ്റര്‍ വരെ സഞ്ചരിക്കും. എന്നാല്‍ സൂക്ഷ്മ കണികകളിലൂടെ വൈറസ് പത്തു മീറ്റര്‍ സഞ്ചരിക്കുമെന്നാണ് കണ്ടെത്തല്‍. അതിനാല്‍ മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം. ജനലുകളും വാതിലുകളും തുറന്നിടണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവന്‍ പറഞ്ഞു. അതിലൂടെ വൈറസിന്‍റെ സാന്ദ്രത കുറയ്ക്കാന്‍ സാധിക്കും.
രോഗ ലക്ഷണമില്ലാത്തവരില്‍ നിന്നും രോഗം പകരും. കോവിഡിനെ പ്രതിരോധിക്കാന്‍ എന്‍95 മാസ്കാണ് ഉചിതം. അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്കും അതിനു മുകളില്‍ കോട്ടണ്‍ മാസ്കും ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.