"കോവിഡ് കാലത്തും സര്‍ക്കാര്‍ രണ്ടായിരം കോടിയുടെ പാര്‍ലമെന്‍റ് നിര്‍മാണത്തില്‍"
|ഡൽഹി ലോക്ക്ഡൗൺ കാലത്തും സെൻട്രൽ വിസ്ത പദ്ധതിയുടെ ജോലിക്കാർക്കായി 180 വാഹനങ്ങൾ അനുവദിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
കോവിഡ് മഹാമാരി കുതിച്ചുയരുന്നതിനിടയിലും രണ്ടായിരം കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. കോവിഡ് വെല്ലുവിളി നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗം നിയന്ത്രിക്കാനാണ് പണം ചെലവിടേണ്ടതെന്ന് രാഹുൽ ഓർമിപ്പിച്ചു. പുതിയ പാർലമെന്റ് നിർമാണം അടിന്തര പ്രവർത്തികളുടെ ലിസ്റ്റിൽ ചേർത്തതിനെയും രാഹുൽ ട്വിറ്ററിൽ വിമർശിച്ചു.
Central Vista- not essential.
— Rahul Gandhi (@RahulGandhi) April 28, 2021
Central Govt with a vision- essential.
സർക്കാരിന് ദിശാബോധം ഇല്ല. സെൻട്രൽ വിസ്ത പദ്ധതിയല്ല ഇപ്പോഴത്തെ പ്രധാന കാര്യമെന്ന് രാഹുല്‍ പറഞ്ഞു. പദ്ധതിക്ക് അനുവദിച്ച പണം കോവിഡ് പ്രതിരോധത്തിനായി മാറ്റി ചെലവഴിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ തന്നെയാണ് സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി നടക്കുന്ന പണി, നവംബർ 30 ഓടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്ന് ഡൽഹി പൊലീസിന് അയച്ച കത്തിൽ പി.ഡബ്ല്യു.ഡി പറഞ്ഞിരുന്നു.
ഡൽഹി ലോക്ക്ഡൗൺ കാലത്തും സെൻട്രൽ വിസ്ത പദ്ധതിയുടെ ജോലിക്കാർക്കായി 180 വാഹനങ്ങൾ അനുവദിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാരിന്റെ മുൻഗണന ക്രമം ചോദ്യം ചെയ്ത് നേരത്തത്തെയും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ടെസ്റ്റ് നടക്കുന്നില്ല, വാക്സിൻ ഇല്ല, ഓക്സിജൻ ഇല്ല, ഐ.സി.യു ഇല്ല രാജ്യത്ത് എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ത്രികോണ രൂപത്തില്‍ പാർലമെന്റ് മന്ദിരവും, പൊതു സെൻട്രൽ ഹാളും രാജ്പഥ് നവീകരണവും ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതി പ്രഖ്യാപിക്കുന്നത് 2019ലാണ്. ഈ വർഷം ജനുവരി അഞ്ചിന് സുപ്രീംകോടതി പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തു.