ഗോമൂത്രം, ചാണകം, പശുവിന്‍ പാല്‍ എന്നിവയില്‍ പഠനം; ഗുജറാത്തില്‍ പശു ഗവേഷണ കേന്ദ്രം സ്ഥാപിച്ചു
|ഗോമൂത്രം ഉപയോഗിച്ചുള്ള രാസവള നിര്‍മാണം, തദ്ദേശീയ പശു ഇനങ്ങളെക്കുറിച്ചുള്ള ഗവേഷണം, കീടനാശിനി ഉത്പ്പാദനം തുടങ്ങിയവയെപ്പറ്റി ഗവേഷണ കേന്ദ്രം പഠനം നടത്തും.
ഗുജറാത്തില്‍ സാങ്കേതിക സര്‍വ്വകലാശാലയ്ക്കു കീഴില്‍ പശു ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. പശുവിന്‍ പാല്‍, ഗോമൂത്രം, ചാണകം എന്നിവയെപ്പറ്റിയുള്ള പഠനങ്ങള്‍ സംഘടിപ്പിക്കുകയാണ് പുതിയ ഗവേഷണ കേന്ദ്രത്തിന്‍റെ ലക്ഷ്യം. രാഷ്ട്രീയ കാമധേനു ആയോഗിനു കീഴിലാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക.
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്രത് കഴിഞ്ഞ ദിവസമാണ് ഗവേഷണ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം വെര്‍ച്വലായി നിര്‍വഹിച്ചത്. ഗോമൂത്രം ഉപയോഗിച്ചുള്ള രാസവള നിര്‍മാണം, തദ്ദേശീയ പശു ഇനങ്ങളെക്കുറിച്ചുള്ള ഗവേഷണം, കീടനാശിനി ഉത്പ്പാദനം തുടങ്ങിയവയെപ്പറ്റി ഗവേഷണ കേന്ദ്രം പഠനം നടത്തും. ഇതിലൂടെ നൂറുകണക്കിനു ഗ്രാമീണ സ്ത്രീകള്‍ക്കു തൊഴില്‍ ലഭ്യമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പശുവിനെപ്പറ്റിയോ അവ നല്‍കുന്ന ഉത്പ്പന്നങ്ങളെപ്പറ്റിയോ ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും അതിനാല്‍ പരമ്പരാഗത അറിവുകളെ ശാസ്ത്രീയമായി എങ്ങനെ ഉപയോഗിക്കാമെന്നു പരീക്ഷിക്കുകയാണു ഗവേഷണ കേന്ദ്രത്തിലൂടെ ശ്രമിക്കുന്നതെന്നും ഗുജറാത്ത് സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നവീന്‍ സേഥ് വ്യക്തമാക്കി.