വൈറസിനെ തുടച്ചുനീക്കണം; യാഗം നടത്തി ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രി
|ആര്യസമാജം അംഗങ്ങളാണ് ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം യാഗത്തിന് നേതൃത്വം നൽകിയത്
സൂറത്ത്: വൈറസിനെ തുടച്ചുനീക്കാൻ യാഗം നടത്തി ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ ന്യൂ സിവിൽ ഹോസ്പിറ്റൽ. ആര്യസമാജം അംഗങ്ങളാണ് ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം യാഗത്തിന് നേതൃത്വം നൽകിയത്.
' ആശുപത്രി ഡീൻ ആണ് യാഗം ചെയ്യാനായി വിളിച്ചത്. നേരത്തെ കുരുക്ഷേത്ര, രാംനാഥ് ഘേല, അശ്വിനി കുമാർ ശ്മശാനങ്ങളിലും യാഗം നടത്തിയിരുന്നു' - ഭതാർ ആര്യസമാജ് പ്രസിഡണ്ട് ഉമാശങ്കർ ആര്യ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതിനിടെ, സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ അഭൂതപൂർവ്വമായ രീതിയിൽ വർധിക്കുകയാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ ആശുപത്രിക്കു മുമ്പിൽ രോഗികളെ വഹിച്ചുള്ള ആംബുലൻസുകളുടെ നീണ്ട നിരയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് ഔദ്യോഗികമായി 55 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ അഹമ്മദാബാദിലെ സിവിൽ ഹോസ്പിറ്ററിൽ നിന്നു മാത്രം 63 മൃതദേഹങ്ങളാണ് പുറത്തേക്ക് കൊണ്ടുപോയത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.