ഹരിയാനയില്‍ മെയ് 24 വരെ ലോക്ക്ഡൗണ്‍ നീട്ടി
|നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി അനിൽ വിജ് അറിയിച്ചു.
ഹരിയാനയിൽ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മെയ് 24 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി അനിൽ വിജ് അറിയിച്ചു. നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് സാഹചര്യം അതിരൂക്ഷമായതിനാല്‍ മെയ് മൂന്നു മുതൽ പത്തുവരെയാണ് ഹരിയാനയിൽ ആദ്യഘട്ടത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് 17 വരെ നീട്ടുകയായിരുന്നു. നാളെ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് 24 വരെ വീണ്ടും നീട്ടിയത്.
9676 പുതിയ കോവിഡ് കേസുകളാണ് ഹരിയാനയിൽ കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്. 8.36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 36,18,458 ആയെന്നും 24 മണിക്കൂറിനിടെ 55,334 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.98 ശതമാനത്തിലേക്ക് താഴ്ന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
രാജ്യത്തെ മൊത്തം കോവിഡ് ബാധിതരില്‍ 14.66 ശതമാനം മാത്രമാണ് നിലവില്‍ സജീവ കേസുകളായി നിലനില്‍ക്കുന്നത്. ഇതില്‍ 74.69 ശതമാനവും കര്‍ണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാന്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്.
24 മണിക്കൂറിനിടെ 3,11,170 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4077 കോവിഡ് മരണവും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 3,62,437 പേരാണ് രോഗമുക്തി നേടിയത്.