ഹരിയാനയിലെ ആള്‍ക്കൂട്ടക്കൊല: പ്രതിഷേധം വ്യാപിക്കുന്നു
|കല്ലും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് അക്രമിച്ച ആള്‍ക്കൂട്ടം ഇവരോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു
കോവിഡ് മഹാമാരിക്കിടയിലും രാജ്യത്ത് ആള്‍ക്കൂട്ട കൊല. ഗുരുഗ്രാമിലെ മേവാത്തിലാണ് ആസിഫ് ഖാന്‍ എന്ന ഇരുപത്തിയഞ്ചുകാരനെ ആള്‍ക്കൂട്ടം തല്ലികൊന്നത്. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് സാരമായി പരിക്കേറ്റു. കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് റോഡുകള്‍ തടഞ്ഞ് ജനങ്ങള്‍ പ്രതിഷേധം തുടരുകയാണ്.
മരുന്ന് വാങ്ങി വരികയായിരുന്ന ആസിഫ് ഖാനും സംഘത്തിനും നേരെ ആള്‍ക്കൂട്ടം അക്രമം അഴിച്ചു വിടുകയായിരുന്നു. കല്ലും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് അക്രമിച്ച ആള്‍ക്കൂട്ടം ഇവരോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ പ്രദേശത്തെ യുവാക്കളിലെ രണ്ട് വിഭാഗം തമ്മിലെ ശത്രുതയാണെന്നാണ് പൊലീസ് വിശദീകരണം. പതിനാല് പേരടങ്ങുന്ന സംഘമാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് പിന്നില്‍.
കൊല്ലപ്പെട്ട ആസിഫ്, കൂടെയുണ്ടായിരുന്ന റാഷിദ്, വാസഫ് എന്നിവര്‍ മരുന്ന് വാങ്ങിക്കാനായി ഖലീല്‍പൂരില്‍ നിന്നും ഷോണയിലേക്ക് പോകും വഴിയാണ് അക്രമമുണ്ടായത്. വാഹനം തടഞ്ഞു നിര്‍ത്തിയ സംഘം മൂവരെയും പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. അക്രമികള്‍ ഇവരോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ടതായി ബന്ധുക്കളെ ഉദ്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്തുള്ളവും പുറത്ത് നിന്നെത്തിയവരും ചേര്‍ന്നാണ് അക്രമിച്ചതെന്ന് പരിക്കേറ്റ റാഷിദ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ, അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഖലീല്‍പൂരില്‍ പ്രതിഷേധം തുടരുകയാണ്. നടപടിയാവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡ് ഉപരോധിക്കുകയുണ്ടായി. തുടര്‍ന്ന് പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഖലീല്‍പൂരില്‍ കനത്ത പൊലീസ് വിന്യാസമൊരുക്കി. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.