'ചോക്സി സുഹൃത്തായിരുന്നു, അയാള്‍ സമ്മാനമായി തന്നത് മുക്കുപണ്ടങ്ങള്‍'; മൗനം വെടിഞ്ഞ് ബാര്‍ബറ ജറാബിക
|ജറാബികയുടെ വസതിയില്‍ നിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ചോക്‌സി കോടതിയില്‍ പറഞ്ഞത്.
വിവാദ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയുടെ അറസ്റ്റില്‍ തനിക്ക് പങ്കില്ലെന്ന് ബാര്‍ബറാ ജറാബിക. കഴിഞ്ഞ വര്‍ഷം തന്റെ ആന്റിഗ്വ സന്ദര്‍ശനവേളയിലാണ് ചോക്‌സിയുമായി പരിചയപ്പെട്ടത്. രാജ് എന്നാണ് അദ്ദേഹം പേര് പറഞ്ഞിരുന്നതെന്നും ജറാബിക പറഞ്ഞു.
ഞാന്‍ ചോക്‌സിയുടെ സുഹൃത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ആന്റിഗ്വ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം എന്നെ പരിചയപ്പെട്ടത്. രാജ് എന്നാണ് പേര് പറഞ്ഞിരുന്നത്. താമസിയാതെ ഞങ്ങള്‍ സൗഹൃദത്തിലായി. അദ്ദേഹം എനിക്ക് ഡയമണ്ട് മോതിരങ്ങളും ബ്രേസ് ലെറ്റും സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ അത് മുക്കുപണ്ടങ്ങളാണെന്ന് പിന്നീട് ബോധ്യപ്പെട്ടു-ഇന്ത്യാ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ ജറാബിക പറഞ്ഞു.
അദ്ദേഹത്തിന്റെ അറസ്റ്റില്‍ എനിക്ക് യാതൊരു പങ്കുമില്ല. അദ്ദേഹത്തിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും എന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിളക്കുകയാണ്. ഞാനും എന്റെ കുടുംബവും വലിയ സമ്മര്‍ദത്തിലാണ്-ജറാബിക പറഞ്ഞു.
ജറാബികയുടെ വസതിയില്‍ നിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ചോക്‌സി കോടതിയില്‍ പറഞ്ഞത്. ജറാബിക വിളിച്ചതനുസരിച്ചാണ് മെയ് 23ന് അവരുടെ വീട്ടിലെത്തിയത്. അവിടെ നിന്ന് 8-10 ആളുകള്‍ ചേര്‍ന്ന് എന്നെ മര്‍ദിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ചോക്‌സി കോടതിയെ അറിയിച്ചത്. തന്റെ റോളക്‌സ് വാച്ചും പഴ്‌സും അടക്കം ഇവര്‍ പിടിച്ചെടുത്തെന്നും ചോക്‌സി ആരോപിച്ചിരുന്നു.
ഹണിട്രാപ്പിലാണ് ചോക്‌സി പിടിയിലായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗേള്‍ഫ്രണ്ടുമൊന്നിച്ച് അത്താഴം കഴിക്കാനും സമയം ചെലവഴിക്കാനും സ്വകാര്യ ബോട്ടില്‍ ഡൊമിനിക്കയില്‍ എത്തിയ വേളയിലാണ് ചോക്സി അറസ്റ്റിലായത് എന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പഠിച്ച പ്രൊപ്പേര്‍ട്ടി ഇന്‍വസ്റ്റ്മെന്റ് കണ്‍സല്‍ട്ടന്റാണ് ബാബറ. ഇന്ത്യന്‍-ആന്റിഗ്വന്‍ അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരം ചോക്സിയെ ബാബറ ഹണിട്രാപ്പില്‍ കുരുക്കുകയായിരുന്നു എന്നാണ് അഭിഭാഷകരെ ഉദ്ധരിച്ച് ഇന്ത്യാടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്റിഗ്വന്‍ ഏജന്‍സികളുടെ പദ്ധതി പ്രകാരം ബാബറ ചോക്സിയുമായി പ്രണയം നടിക്കുകയായിരുന്നു എന്നാണ് അഭിഭാഷകര്‍ പറയുന്നത്.