India
എന്‍റെ രോഗികള്‍ക്ക് ഓക്സിജന്‍ കിട്ടാന്‍ ഞാന്‍ ക്യൂ നിന്നു; മിണ്ടിപ്പോകരുതെന്ന യോഗിയുടെ ഭീഷണി തള്ളി ആശുപത്രികള്‍
India

'എന്‍റെ രോഗികള്‍ക്ക് ഓക്സിജന്‍ കിട്ടാന്‍ ഞാന്‍ ക്യൂ നിന്നു'; മിണ്ടിപ്പോകരുതെന്ന യോഗിയുടെ ഭീഷണി തള്ളി ആശുപത്രികള്‍

Web Desk
|
30 April 2021 4:35 AM GMT

"കഴിഞ്ഞ മൂന്ന് രാത്രികളില്‍ ഉറങ്ങാനായിട്ടില്ല. എങ്ങനെ ഓക്സിജന്‍ സംഘടിപ്പിക്കുമെന്ന വേവലാതിയായിരുന്നു"- ഡോക്ടര്‍ പറയുന്നു

ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് മിണ്ടിപ്പോകരുതെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഭീഷണി വകവെയ്ക്കാതെ തുറന്നുപറച്ചിലുമായി ആശുപത്രികള്‍. സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്നും വെറുതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് യു.പി സര്‍ക്കാരിന്‍റെ അവകാശവാദം. എന്നാല്‍ ആശുപത്രി അധികൃതരും ഡോക്ടര്‍മാരും പറയുന്നത് മറ്റൊന്നാണ്.

എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഓക്സിജന്‍ എത്തിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഗോമതി നഗറിലെ ടെണ്ടര്‍ പാം ആശുപത്രിയിലെ ഡോക്ടര്‍ വിനയ് ശര്‍മയ്ക്ക് പറയാനുള്ളത് ഇതാണ്- "എന്‍റെ നൂറോളം രോഗികള്‍ക്ക് അടിയന്തരമായി ഓക്സിജന്‍ ലഭിക്കേണ്ടതുണ്ട്. അതിനാല്‍ ഞാന്‍ തന്നെ ഓക്സിജന്‍ റീഫില്ലിങ് കേന്ദ്രത്തില്‍ പോയി ക്യൂ നില്‍ക്കുകയാണ്". ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഓക്സിജന്‍ കിട്ടാതെ എട്ട് രോഗികള്‍ മരിച്ച ആശുപത്രി കൂടിയാണ് ടെണ്ടര്‍ പാം.

24 മണിക്കൂറിനിടെ ഓക്സിജന്‍ കിട്ടാതെ മൂന്ന് കോവിഡ് രോഗികള്‍ മരിച്ചെന്നാണ് മീററ്റിലെ ആനന്ദ് ആശുപത്രിയിലെ സൂപ്രണ്ട് സുഭാഷ് യാദവ് പറയുന്നത്.- "ഞങ്ങളുടെ ആശുപത്രിയില്‍ പ്രതിദിനം 400 ഓക്സിജന്‍ സിലിണ്ടറുകള്‍ വേണം. എന്നാല്‍ 90 എണ്ണം മാത്രമാണ് ലഭിക്കുന്നത്. ഓക്സിജന്‍ ക്ഷാമം കാരണം മൂന്ന് രോഗികള്‍ ഒരു ദിവസത്തിനിടെ മരിച്ചു".

ഇതിനിടെ ഓക്സിജനില്ലെന്ന് അഭ്യൂഹം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ലൈസന്‍സ് റദ്ദാക്കുമെന്ന നോട്ടീസ് മീററ്റിലെ കെഎംസി ആശുപത്രിക്ക് ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ ആശുപത്രിയില്‍ നാല് രോഗികള്‍ കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. കെഎംസി ആശുപത്രിക്ക് എല്ലാം നല്‍കുന്നുണ്ടെന്നും ആശുപത്രിയുടെ വിശദീകരണം ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അഖിലേഷ് മോഹന്‍ പറഞ്ഞു. അതേസമയം ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് പറഞ്ഞത് വാസ്തവമാണെന്ന് ആശുപത്രി നടത്തുന്ന ഡോക്ടര്‍ സുനില്‍ ഗുപ്ത വിശദീകരിച്ചു- "കഴിഞ്ഞ മൂന്ന് രാത്രികളില്‍ എനിക്ക് ഉറങ്ങാനായിട്ടില്ല. എങ്ങനെ ഓക്സിജന്‍ സംഘടിപ്പിക്കുമെന്ന വേവലാതിയായിരുന്നു. ഈ ആശുപത്രിയില്‍ പ്രതിദിനം 300 സിലിണ്ടര്‍ ഓക്സിജന്‍ വേണം".

യു.പിയില്‍ ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജിയെത്തി. ആക്റ്റിവിസ്റ്റ് സാകേത് ഗോഖലെയാണ് കോടതിയെ സമീപിച്ചത്. പന്ത്രണ്ടോളം പേരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സാകേത് ഗോഖലെ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയതോടെ സഹായം അഭ്യര്‍ഥിക്കാന്‍ പല കോവിഡ് രോഗികള്‍ക്കും ഭയമാണെന്നും അദ്ദേഹം ഹരജിയില്‍ പറയുന്നു.

Similar Posts