India
അമ്മമാരുടെ ചിതയെരിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡ്യൂട്ടിയില്‍ തിരിച്ചെത്തി ഡോക്ടര്‍മാര്‍
India

അമ്മമാരുടെ ചിതയെരിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡ്യൂട്ടിയില്‍ തിരിച്ചെത്തി ഡോക്ടര്‍മാര്‍

Web Desk
|
18 April 2021 2:21 PM GMT

ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിപരമായ കാര്യങ്ങളെല്ലാം മാറ്റിവെച്ച് പരമാവധി ജീവനുകള്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്

കോവിഡ് രണ്ടാം ഘട്ടം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിടെ വ്യക്തിപരമായ നഷ്ടം പോലും വകവെയ്ക്കാതെ കര്‍മനിരതരാണ് ഡോക്ടര്‍മാര്‍. ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിപരമായ കാര്യങ്ങളെല്ലാം മാറ്റിവെച്ച് പരമാവധി ജീവനുകള്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഗുജറാത്തിലെ രണ്ട് ഡോക്ടര്‍മാര്‍ അമ്മമാര്‍ മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ആശുപത്രികളില്‍ തിരിച്ചെത്തി ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിന് 3.30നാണ് ഡോ.ശില്‍പ പട്ടേലിന്‍റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചത്. 77കാരിയായ ആ അമ്മ മകളോട് അവസാനമായി പറഞ്ഞതും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം എന്നായിരുന്നു. അമ്മയുടെ സംസ്കാരം കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളില്‍ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ ഡോ ശില്‍പ തിരിച്ചെത്തി.

ഡോക്ടര്‍ രാഹുല്‍ പാര്‍മറിന്‍റെ അമ്മയും മരിച്ചത് വ്യാഴാഴ്ചയാണ്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോവിഡ് മാനേജ്മെന്‍റ് നോഡല്‍ ഓഫീസറായി ജോലി ചെയ്യുന്ന ഡോക്ടര്‍ രാഹുല്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കുകയായിരുന്നു.

വ്യക്തിപരമായ ദുഖത്തിനിടയിലും കോവിഡ് മുന്നണിപ്പോരാളികളായ ഡോക്ടര്‍മാര്‍ സമൂഹത്തോട് കാണിച്ച പ്രതിബദ്ധത മാതൃകയാണെന്ന് കോവിഡ് സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ഡോ.വിനോദ് റാവു പറഞ്ഞു. ഡോ.രാഹുലിന് കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായി ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കി അദ്ദേഹം ജോലിയില്‍ തിരികെ പ്രവേശിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തിന്‍റെ തുടക്കം മുതല്‍ കോവിഡ് വാര്‍ഡിലെ ചുമതലകള്‍ ഡോ ശില്‍പ നിര്‍വഹിച്ചുവരികയാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. കഴിഞ്ഞ 12 ദിവസത്തിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിൽ നിന്നും 16 ശതമാനത്തിന് മുകളിലായി. 1501 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ് മുക്തരായി.

Similar Posts