India
മൃതദേഹങ്ങള്‍ കുന്നുകൂടുന്നു, സംസ്കരിക്കാന്‍ ഇടമില്ല; ഹൌസ്ഫുള്‍ ബോര്‍ഡ് വച്ച് ബംഗളൂരുവിലെ ശ്മശാനം
India

മൃതദേഹങ്ങള്‍ കുന്നുകൂടുന്നു, സംസ്കരിക്കാന്‍ ഇടമില്ല; ഹൌസ്ഫുള്‍ ബോര്‍ഡ് വച്ച് ബംഗളൂരുവിലെ ശ്മശാനം

Web Desk
|
4 May 2021 3:44 AM GMT

ഇരുപതോളം മൃതദേഹങ്ങള്‍ സംസ്കരിക്കാറുള്ള ശ്മശാനത്തില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ അനുവദിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതര്

കോവിഡ് മരണങ്ങള്‍ ഭയാനകമായി കൂടിക്കൊണ്ടിരിക്കുകയാണ്. മോര്‍ച്ചറികള്‍ നിറഞ്ഞുകൊണ്ടിരിക്കുന്നു. വിട പറഞ്ഞ പ്രിയപ്പെട്ടവരെ സംസ്കരിക്കാന്‍ ഇടം തേടി വലയുകയാണ് ബന്ധുക്കള്‍. രാജ്യത്തെ പല ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞിരിക്കുന്നു.

കുന്നുകൂടുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ കർണാടകയിലെ ചമരാജ്‌പേട്ടിലെ ഒരു ശ്മശാനത്തില്‍ ഹൌസ്ഫുള്‍ ബോര്‍ഡ് വച്ചിരിക്കുകയാണ് അധികൃതര്‍. ഇരുപതോളം മൃതദേഹങ്ങള്‍ സംസ്കരിക്കാറുള്ള ശ്മശാനത്തില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ അനുവദിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതര്‍.

ബംഗളൂരു നഗരത്തില്‍ ആകെ 13 ഇലക്ട്രിക് ശ്മശാനങ്ങളാണ് ഉള്ളത്. കോവിഡ് മരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ എല്ലാ ശ്മശാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ശ്മശാനമായി ഉപയോഗിക്കാന്‍ ബംഗളൂരുവിന് സമീപം 230 ഏക്കര്‍ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംസ്കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ സർക്കാർ ഉടമസ്ഥതയിലുള്ള ഫാമുകളിലും പ്ലോട്ടുകളിലും ശ്മശാനങ്ങൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഞായറാഴ്ച കര്‍ണാടകയില്‍ 217 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 64 മരണം ബംഗളൂരുവില്‍ നിന്നാണ്. സംസ്ഥാനത്ത് 16 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 16,011 കോവിഡ് മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Similar Posts