കോവിഡിനെ നേരിടാൻ 'അത്ഭുതമരുന്ന്'; ആന്ധ്രയിൽ ആയുർവേദ ഡോക്ടറുടെ പ്രഖ്യാപനം കേട്ടു തടിച്ചുകൂടിയത് ആയിരങ്ങൾ
|നെല്ലൂർ ജില്ലയിലെ കൃഷ്ണപട്ടണത്തുള്ള ആയുർവേദ ഡോക്ടറാണ് കോവിഡിനു ഫലപ്രദമാണെന്ന് അവകാശപ്പെട്ട് സ്വന്തമായി വികസിപ്പിച്ച മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നത്
കോവിഡ് ചികിത്സയ്ക്കായി 'അത്ഭുതമരുന്ന്' കണ്ടെത്തിയതായുള്ള വാർത്ത കേട്ട് തടിച്ചുകൂടിയത് ആയിരങ്ങൾ. ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് സംഭവം.
നെല്ലൂരിലെ കൃഷ്ണപട്ടണത്തുള്ള ബോനിഗി ആനന്ദ് എന്ന ആയുർവേദ ഡോക്ടറാണ് കോവിഡ് ഭേദപ്പെടുത്തുമെന്ന് അവകാശപ്പെട്ട് മരുന്ന് വിതരണം ചെയ്യുന്നത്. മരുന്ന് കോവിഡ് രോഗികളിൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ഇക്കാര്യം ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ, വിജയവാഡയിലെ ആയുർവേദ ലാബിൽ നടത്തിയ പരിശോധനയിൽ ഇത് സാധാരണ മരുന്നാണെന്നും പാർശ്വഫലങ്ങളൊന്നുമില്ലാത്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രദേശത്ത് ദീർഘകാലമായി ആയുർവേദ ചികിത്സ നടത്തുന്നയാളാണ് ആനന്ദ്. ആയുർവേദത്തിലോ മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങളിലോ ഔദ്യോഗിക വിദ്യാഭ്യാസമൊന്നും ഇദ്ദേഹം നേടിയിട്ടില്ല. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇപ്പോൾ 'കോവിഡ് മരുന്ന്' കണ്ടെത്തിയിരിക്കുന്നതെന്ന് ആനന്ദ് അവകാശപ്പെടുന്നു. മരുന്ന് തന്റെ ഗ്രാമത്തിലുള്ളവർക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
വിവരമറിഞ്ഞ് ആയിരക്കണക്കിനു പേരാണ് അദ്ദേഹത്തിന്റെ ചികിത്സാ കേന്ദ്രത്തിനു മുൻപിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് ഇവിടെ ജനങ്ങൾ തടിച്ചുകൂടിയിരിക്കുന്നത്. കി.മീറ്ററുകളോളം നീണ്ട വരി നിയന്ത്രിക്കാൻ പൊലീസ് കഷ്ടപ്പെടുന്നത് പ്രദേശത്തുനിന്നുള്ള വിഡിയോകളിൽ കാണുന്നുണ്ട്.