ഞാന്‍ നിയമം അനുസരിക്കുന്ന പൗരന്, ഇന്ത്യവിട്ടത് ചികിത്സക്ക് പോകാനെന്ന് മെഹുല്‍ ചോക്സി
|തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് ഇന്ത്യവിട്ട ചോക്സി ആന്റിഗ്വയില്‍ പൗരത്വം നേടി കഴിയുകയായിരുന്നു.
താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും ഇന്ത്യവിട്ടത് ചികിത്സക്ക് പോകാന്‍ വേണ്ടിയാണെന്നും സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ രത്നവ്യാപാരി മെഹുല്‍ ചോക്സി. ഡോമനിക്ക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചോക്സി ഇക്കാര്യം അറിയിച്ചത്. എട്ട് പേജുള്ള സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യ വിടുമ്പോള്‍ തനിക്കെതിരെ വാറണ്ടൊന്നും ഉണ്ടായിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് തന്നോട് അഭിമുഖം നടത്തേണ്ടതുണ്ടെങ്കില്‍ അതിന് അവരെ ക്ഷണിച്ചിരുന്നുവെന്നും ചോക്സി അവകാശപ്പെട്ടു.
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്കി ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങുകള് സ്വന്തമാക്കുകയും അതുപയോഗിച്ച് വിദേശ ബാങ്കുകളില്‍ നിന്ന് വന്‍തുക കടമെടുക്കുകയും അത് തിരിച്ചടക്കാതിരിക്കുകയും ചെയ്തുവെന്നാണ് മെഹുല്‍ ചോക്സിക്കെതിരായ കുറ്റം.
തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് ഇന്ത്യവിട്ട ചോക്സി ആന്റിഗ്വയില്‍ പൗരത്വം നേടി കഴിയുകയായിരുന്നു. അവിടെ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡൊമനിക്കയില്‍ പിടിയിലായത്.