ഐഷക്ക് സംരക്ഷണം; അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി
|പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഐഷ സുല്‍ത്താന ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു
രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഐഷ സുല്‍ത്താന പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.
ഐഷക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഐഷയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അമ്പതിനായിരും രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. തിങ്കളാഴ്ച വരെ ഐഷയെ അറസ്റ്റ് ചെയ്യില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു.
രാജ്യദ്രോഹക്കേസ് ചുമത്തിയതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഐഷ സുല്‍ത്താന ഹൈകോടതി സമീപിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഐഷക്കെതിരെ കേസെടുത്തത്.