India
കേന്ദ്രത്തിന്‍റെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിക്കുന്ന ഒറ്റ ട്വീറ്റും വേണ്ട; ട്വിറ്ററിന് നോട്ടീസ് 
India

കേന്ദ്രത്തിന്‍റെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിക്കുന്ന ഒറ്റ ട്വീറ്റും വേണ്ട; ട്വിറ്ററിന് നോട്ടീസ് 

Web Desk
|
25 April 2021 6:33 AM GMT

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ജനങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്ത ട്വീറ്റുകളാണ് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്‍റെ വീഴ്ചകള്‍ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇത്തരം ട്വീറ്റുകള്‍ ഇന്ത്യയുടെ ഐടി നിയമത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിന് കേന്ദ്രം നോട്ടീസയച്ചു. ഇതു പ്രകാരം പാര്‍ലമെന്‍റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ലോക്‌സഭാ അംഗം രേവ്‌നാഥ് റെഡ്ഡി, പശ്ചിമ ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ചലച്ചിത്ര നിര്‍മ്മാതാക്കളായ വിനോദ് കപ്രി, അവിനാശ് ദാസ് തുടങ്ങി പ്രമുഖരുടെ ട്വീറ്റുകള്‍ നീക്കം ചെയ്തതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, അക്കൗണ്ടുകള്‍ക്കെതിരെ നിലവില്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്. അതത് അക്കൗണ്ടുടമകള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയതായും ട്വിറ്റര്‍ വക്താവ് വ്യക്തമാക്കി.

അതേസമയം, ട്വീറ്റുകള്‍ നീക്കം ചെയ്തത് കോവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ജനങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്തതിനാലാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്ലോക്ക് ചെയ്ത ട്വീറ്റുകളില്‍ ഭൂരിപക്ഷവും ഓക്‌സിജന്‍ ലഭ്യതകുറവും മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളാണ്. കുംഭമേളയുമായി ബന്ധപ്പെട്ടും പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ടുമുള്ള ട്വീറ്റുകളും ഇതിലുണ്ട്. നേരത്തെ കര്‍ഷസമരം സംബന്ധിച്ച ട്വീറ്റുകള്‍ നീക്കം ചെയ്യാനും കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.

Related Tags :
Similar Posts