മഹാമാരിയുടെ യാഥാര്‍ഥ്യം മറച്ചുവച്ചു; സര്‍ക്കാരിനെ വിശ്വസിച്ചാണ് നിരപരാധികളായ ജനങ്ങള്‍ കുംഭമേളക്ക് പോയതെന്ന് അഖിലേഷ് യാദവ്
|ജനങ്ങളുടെ വിശ്വാസത്തെ വച്ച് സര്‍ക്കാര്‍ കളിച്ചുവെന്ന് അഖിലേഷ് പറഞ്ഞു
കോവിഡിന്‍റെ യഥാര്‍ഥ വസ്തുത യുപി സര്‍ക്കാര്‍ മറച്ചുവച്ചുവെന്നും സര്‍ക്കാരിനെ വിശ്വസിച്ചാണ് നിരപരാധികളായ ജനങ്ങള്‍ കുംഭമേളക്ക് പോയതെന്നും സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അഖിലേഷ് യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
ജനങ്ങളുടെ വിശ്വാസത്തെ വച്ച് സര്‍ക്കാര്‍ കളിച്ചുവെന്ന് അഖിലേഷ് പറഞ്ഞു. സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. കോവിഡിനെ പടിക്ക് പുറത്താക്കിയെന്നാണ് ബി.ജെ.പി പറയുന്നത്. തെരഞ്ഞെടുപ്പിന് പുറമെ, ബിജെപിക്ക് ഒന്നും ആസൂത്രണം ചെയ്യാൻ കഴിയില്ല. കോവിഡിനെ ഇന്ത്യ പരാജയപ്പെടുത്തിയതായും 150 രാജ്യങ്ങളെ സഹായിച്ചതായും പ്രധാനമന്ത്രി ദാവോസില്‍ പ്രഖ്യാപിച്ച കാര്യം ഓര്‍ക്കുക. ഇന്ന്, ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും കാണാൻ കഴിയും - മറ്റ് രാജ്യങ്ങൾ നമുക്ക് സഹായങ്ങള്‍ നല്‍കുന്നു.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുള്ളതുകൊണ്ട് മാത്രമാണ് ഇവിടുത്തെ ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ലഖ്‌നൗവിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനെ ഒരു കോവിഡ് ആശുപത്രിയാക്കണമെന്ന് ഏപ്രിൽ തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നു. ഇത് നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് മൂന്നാഴ്ച സമയമെടുത്തു. ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി ഭയാനകമാണ്. കഴിഞ്ഞ വർഷം മുതൽ ബിജെപി ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. ഉത്തർപ്രദേശിൽ, നിങ്ങളുടെ വേദന പ്രകടിപ്പിക്കുന്നത് കുറ്റകരമാണെന്നേ ഞാന്‍ പറയൂ..അഖിലേഷ് കൂട്ടിച്ചേര്‍ത്തു.