India
അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ആന്‍റികറപ്ഷന്‍ തലപ്പത്ത് നിയമിച്ച് സ്റ്റാലിന്‍
India

അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ആന്‍റികറപ്ഷന്‍ തലപ്പത്ത് നിയമിച്ച് സ്റ്റാലിന്‍

Web Desk
|
11 May 2021 4:03 AM GMT

2010ലെ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോള്‍ കന്ദസ്വാമി സിബിഐ ഐജിയായിരുന്നു

സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമി ഇനി തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ സ്റ്റാലിന്‍റെ വാഗ്ദാനങ്ങളിലൊന്ന്, അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതി അന്വേഷിച്ച് ശക്തമായ നടപടി എടുക്കും എന്നായിരുന്നു. മുഖ്യമന്ത്രി ആയിരുന്ന എടപ്പാടി പളനിസ്വാമിക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുമായി നേരത്തെ ഡിഎംകെ, ഗവര്‍‌ണറെയും വിജിലന്‍സിനെയും സമീപിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയാണ് വിജിലന്‍സ് തലപ്പത്തെ മാറ്റത്തിലൂടെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കുന്നത്.

2010ലെ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോള്‍ കന്ദസ്വാമി സിബിഐയില്‍ ഐജിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഒഡിഷ കേഡറിലെ അമിതാഭ് താക്കൂറായിരുന്നു ഡെപ്യൂട്ടി ഡിഐജി. സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം 2005 നവംബറില്‍ കസ്റ്റഡിയില്‍ എടുത്ത് ലഷ്‌കര്‍-ഇ-തോയിബ തീവ്രവാദികള്‍ എന്ന് ആരോപിച്ച് വ്യാജഏറ്റുമുട്ടലിലൂടെ കൊല്ലുകയായിരുന്നു എന്നാണ് കേസ്. ഈ കേസില്‍ അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ പിന്നീട് കുറ്റവിമുക്തനായി. 2007ല്‍ ഇംഗ്ലണ്ട് സ്വദേശിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസും അന്വേഷിച്ച് തെളിയിച്ചത് കന്ദസ്വാമിയും അമിതാഭ് താക്കൂറുമായിരുന്നു. എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അന്വേഷണം നടത്തുകയുണ്ടായി.

വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടുള്ള സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ തുടക്കം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 4000 രൂപ കോവിഡ് ധനസഹായം, കോവിഡ് ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു, സ്ത്രീകള്‍ക്ക് ബസുകളില്‍ സൌജന്യയാത്ര, പാല്‍ വില ലിറ്ററിന് 3 രൂപ കുറച്ചു എന്നീ ജനപ്രിയ തീരുമാനങ്ങളാണ് അധികാരമേറ്റയുടന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Similar Posts