ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ല, സംസ്ഥാനം കശ്മീരാകുന്നു: കങ്കണ റണൗട്ട്
|ബംഗാളിലെ തെരഞ്ഞെടുപ്പു ഫലത്തിൽ തനിക്ക് നിരാശയുണ്ടെന്നും കങ്കണ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ ശക്തമായ പ്രചരണത്തെ മറികടന്ന് മൂന്നാം തവണയും അധികാരം പിടിച്ച മമത ബാനർജിക്കെതിരെ ബോളിവുഡ് നടി കങ്കണ റണൗട്ട്. ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ് മമതക്കു പിന്നിലെന്നും ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ലെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.
'മമതയുടെ ഏറ്റവും വലിയ ശക്തി ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ്. ഹിന്ദുക്കൾക്ക് അവിടെ ഭൂരിപക്ഷമില്ലെന്നാണ് തരംഗം കാണിക്കുന്നത്. ബംഗാളി മുസ്ലിംകൾ ഇന്ത്യയിലെ ഏറ്റവും ദരിദ്രരും അധിസ്ഥരുമാണെന്നതിനാൽ മറ്റൊരു കശ്മീർ രൂപപ്പെടുന്നത് നല്ല കാര്യമാണ്.' - എന്നാണ് കങ്കണയുടെ ട്വീറ്റ്.
ബംഗാളിലെ തെരഞ്ഞെടുപ്പു ഫലത്തിൽ തനിക്ക് നിരാശയുണ്ടെന്നും കങ്കണ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
295 സീറ്റുകളുള്ള ബംഗാൾ അസംബ്ലിയിലേക്കു നടന്ന മത്സരത്തിൽ 205 സീറ്റുകളിലാണ് തൃണമൂൽ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ നേടിയ 211-ലെത്താൻ കഴിഞ്ഞില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമടക്കം ബി.ജെ.പി നേതൃത്വം മുഴുവൻ തമ്പടിച്ചു നടത്തിയ പ്രചരണത്തെ മറികടന്നാണ് തൃണമൂൽ അധികാരം നിലനിർത്തിയത്. കഴിഞ്ഞ തവണ 26 സീറ്റുകളുണ്ടായിരുന്ന സി.പി.എം ഇത്തവണ ചിത്രത്തിലേ ഇല്ലാതായി.