പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കൊന്ന് തുണ്ടംതുണ്ടമാക്കി; കന്നഡ നടിയും കാമുകനും അറസ്റ്റിൽ
|32കാരനായ രാകേഷ് കത്വെയാണ് കൊല്ലപ്പെട്ടത്
ബെംഗളൂരു: പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സീരിയൽ നടി ഷനായ കത്വയും കാമുകനും ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. 32കാരനായ രാകേഷ് കത്വെയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ധാർവാഡിനു സമീപം വനത്തിൽ നിന്നാണ് ഇയാളുടെ തലഭാഗം കണ്ടെത്തിയത്. മറ്റു ശരീരഭാഗങ്ങൾ പ്രതികൾ നഗരത്തിന്റെ പലഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഷനായയുടെ കാമുകൻ 21കാരനായ നിയാസ് അഹമ്മദ് കാട്ടിഗർ, തൗസീഫ് ഛന്നാപൂർ, അൽതാഫ് മുല്ല, അമൻ ഗിരനിവാല എന്നിവരെയാണ് ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിർത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറയുന്നു.
സെലിബ്രിറ്റി മാനേജറാണ് നിയാസ് അഹ്മദ്. ഇരുവരും തമ്മിലുള്ള ബന്ധമറിഞ്ഞ രാകേഷ് പല തവണ നിയാസിന് മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാൽ കൊലപാതകവുമായി ബന്ധമില്ലെന്ന നിലപാടിലാണ് ഷനായ.
ഏപ്രിൽ ഒമ്പതിന് ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷനായ ഹുബ്ബള്ളിയിലെത്തിയിരുന്നു. ഇതേ ദിവസമാണ് കൊലപാതകം നടന്നത്. തൊട്ടടുത്ത ദിവസം മൃതദേഹം തുണ്ടംതുണ്ടമാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച അറസ്റ്റിലായ നടി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.