![യെദിയൂരപ്പയെ വെട്ടാൻ ബിജെപിയിൽ പടയൊരുക്കം; സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രിയും യെദിയൂരപ്പയെ വെട്ടാൻ ബിജെപിയിൽ പടയൊരുക്കം; സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രിയും](https://www.mediaoneonline.com/h-upload/2021/05/26/1227638-yediyurappa.webp)
യെദിയൂരപ്പയെ വെട്ടാൻ ബിജെപിയിൽ പടയൊരുക്കം; സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രിയും
![](/images/authorplaceholder.jpg?type=1&v=2)
മന്ത്രിമാരുടെ നേതൃത്വത്തില്‍ വിമതയോഗങ്ങൾ നടന്നതായി കർണാടക റവന്യൂ മന്ത്രി ആർ അശോക വെളിപ്പെടുത്തി
കർണാടകയിൽ ബിഎസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ബിജെപിയിൽ പടയൊരുക്കം. കേന്ദ്രത്തിൽനിന്നാണ് യെദിയൂരപ്പയെ വെട്ടാൻ ശ്രമം നടക്കുന്നത്. ഇക്കാര്യം സമ്മതിച്ച് കർണാടക റവന്യൂ മന്ത്രി ആർ അശോക രംഗത്തെത്തിയിട്ടുണ്ട്. ഇതേസമയത്ത് പാർട്ടിയിലെ വിശ്വസ്തരെ അണിനിരത്തി പ്രതിരോധമൊരുക്കാൻ യെദിയൂരപ്പയും നീക്കം ആരംഭിച്ചിട്ടുണ്ട്.
വിമതയോഗങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് അശോക പ്രതികരിച്ചു. നിലവിലെ മന്ത്രിസഭയിലെ ചില അംഗങ്ങളും ഈ സംഘത്തിലുണ്ട്. ഈ നടക്കുന്ന ചർച്ചകളിലെല്ലാം യെദിയൂരപ്പയെ സ്ഥാനത്തുനിന്നു നീക്കാനുള്ള ആസൂത്രണങ്ങളാണ് നടക്കുന്നത്. നേരിട്ടല്ലാതെ നീക്കത്തിന് പിന്തുണ അർപ്പിച്ച് വേറെയും നേതാക്കളുമുണ്ടെന്നും അശോക മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം, താൻ പൂർണമായും കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാൻ നീക്കം നടക്കുന്നതായി കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. പുതിയ നീക്കത്തിന്റെ ഭാഗമായി ടൂറിസം മന്ത്രി സിപി യോഗീശ്വര ഡൽഹിയിലെത്തി ഉന്നത ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ, സ്ഥാനത്തുനിന്നു നീക്കിയാൽ പാർട്ടി പിളർത്തുമെന്ന് യെദിയൂരപ്പയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഉപമുഖ്യമന്ത്രി സിഎൻ അശ്വത്ത് നാരായൻ, ഭവനമന്ത്രി വി സോമന്ന, ഖനി മന്ത്രി മുരുഗേഷ് നിറാണി എന്നിവർ യെദിയൂരപ്പയ്ക്കുള്ള പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ബിജെപി സംസ്ഥാന ഘടകത്തിൽ അടുത്തിടെയായി ഉടലെടുത്ത കടുത്ത വിഭാഗീയതയിലേക്കാണു പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. വരുംദിവസങ്ങളിൽ ഇതു കൂടുതൽ സങ്കീർണമാകാനാണിടയുള്ളത്. പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാൻ തന്നെയാണ് സാധ്യത.