India
വിഎച്ച്പി പ്രതിഷേധം; പള്ളി ഇമാമുമാർക്കുള്ള കോവിഡ് ധനസഹായം കർണാടക സര്‍ക്കാര്‍ പിൻവലിച്ചു
India

വിഎച്ച്പി പ്രതിഷേധം; പള്ളി ഇമാമുമാർക്കുള്ള കോവിഡ് ധനസഹായം കർണാടക സര്‍ക്കാര്‍ പിൻവലിച്ചു

Web Desk
|
11 Jun 2021 4:21 AM GMT

ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും പള്ളികളിലെയും മദ്രസകളിലെയും ഇമാമുമാർക്കും അധ്യാപകർക്കും 3,000 രൂപ വീതം ധനസഹായം നൽകുമെന്ന് കര്‍ണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു

ഇമാമുമാർക്കും മദ്രസ അധ്യാപകർക്കും കോവിഡ് ധനസഹായം നൽകാനുള്ള തീരുമാനം കർണാടക സർക്കാർ പിൻവലിച്ചു. വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധത്തെ തുടർന്നാണ് നടപടി.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്തെ വിവിധ മതപുരോഹിതന്മാർക്ക് ധനസഹായം നൽകാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. 'സി' കാറ്റഗറിയിൽ വരുന്ന ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് 3,000 രൂപ വീതം ധനസഹായം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഇതോടൊപ്പം ദക്ഷിണ കന്നഡയിലെ 41 പള്ളികളിലെയും മദ്രസകളിലെയും ഇമാമുമാർക്കും അധ്യാപകർക്കും ധനസഹായം നൽകാനും തീരുമാനമുണ്ടായിരുന്നു. എന്നാൽ, ഇതിനെതിരെ വിഎച്ച്പി പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.

ഹിന്ദു മത ധർമവിനിയോഗ വകുപ്പിൽനിന്നുള്ള ഫണ്ടിൽനിന്നാണ് ഇതിനായി പണം വകയിരുത്തിയിരുന്നത്. എന്നാൽ, ക്ഷേത്രങ്ങളിൽനിന്നു ലഭിച്ച പണം ക്ഷേത്രങ്ങൾക്കു വേണ്ടിയും ഹിന്ദു സമുദായത്തിന്റെ ക്ഷേമത്തിനും വേണ്ടിയും മാത്രമേ ഉപയോഗിക്കാവൂവെന്ന് വിഎച്ച്പി വകുപ്പു മന്ത്രിക്കു പരാതി നൽകുകയായിരുന്നു. ഹിന്ദു വകുപ്പിന്റെ പണം മറ്റു മതങ്ങൾക്കായി ഉപയോഗിക്കൻ പാടില്ലെന്ന് വിഎച്ച്പി നേതാവ് പ്രദീപ് ശർമ വകുപ്പുമന്ത്രിയായ കോട്ട ശ്രീനിവാസ് പൂജാരിയോട് ആവശ്യപ്പെട്ടു.

ഇതേതുടർന്ന് തീരുമാനം പിൻവലിച്ച മന്ത്രി ക്ഷേത്രത്തിന്റെ നയാപൈസ മറ്റു മതങ്ങൾക്കു നൽകില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു. ഹിന്ദു ഭക്തരുടെ പണം ഹിന്ദു ക്ഷേത്രങ്ങളുടെ വികസനത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കൂവെന്നും മന്ത്രി സംഘടനയ്ക്ക് ഉറപ്പുനൽകി. അതേസമയം, സംഭവം വിവാദമാക്കിയ വിഎച്ച്പി നടപടിയെ കോൺഗ്രസ് ആക്ഷേപിച്ചു. കോൺഗ്രസോ മുസ്ലിംകളോ ധനസഹായത്തിന് ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജെപി തന്നെയാണ് സഹായം പ്രഖ്യാപിച്ചതെന്നും കോൺഗ്രസ് എംഎൽഎ രിസ്‌വാൻ അർഷദ് പ്രതികരിച്ചു.

Similar Posts