'കെ.എസ്.ആര്.ടി.സി' എന്ന പേര് തുടര്‍ന്നും ഉപയോഗിക്കുമെന്ന് കര്‍ണാടക
|പേര് ഉപയോഗിക്കുന്നതിന് കേരളത്തിന് അനുകൂല വിധി ഉണ്ടായതിന്റെ നോട്ടീസോ ഉത്തരവിന്റെ പകര്‍പ്പോ ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക
'കെ.എസ്.ആര്.ടി.സി' എന്ന വ്യാപാരനാമം ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് കർണാടക ആർ.ടി.സി മാനേജിങ് ഡയറക്ടർ ശിവയോഗി സി. കലാസദ്. ഇതുസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണ്. കെ.എസ്.ആര്.ടി.സി എന്ന പേര് ഉപയോഗിക്കുന്നത് സംബന്ധിച്ച് കേരളത്തിന് അനുകൂലമായി വിധി വന്നതിന്റെ നോട്ടീസോ ഉത്തരവിന്റെ പകര്‍പ്പോ കേന്ദ്ര ട്രേഡ് മാര്‍ക്ക് രജിസ്ട്രിയില്‍ നിന്ന് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കര്‍ണാടക വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ നാലിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് വഴി ബൗദ്ധിക സ്വത്തവകാശ അപ്പലേറ്റ് ബോർഡിനെ (ഐ.പി.എ.ബി) ഇല്ലാതാക്കുകയും തീർപ്പാകാത്ത പരാതികൾ മുഴുവൻ ഹൈക്കോടതിയിലേക്ക് കൈമാറാനും നിർദേശിച്ചിരുന്നു. പരാതിയിൽ അന്തിമ വിധിയായിട്ടില്ല. അതിനാല്‍, കെ.എസ്.ആര്.ടി.സി എന്ന വ്യാപാര നാമം കര്‍ണാടകത്തിന് ഉപയോഗിക്കാന്‍ നിയമപരമായ തടസ്സമില്ല.
കര്‍ണാടകത്തിന് കെ.എസ്.ആര്.ടി.സി എന്ന വ്യാപാരനാമം ഉപയോഗിക്കാനാകില്ലെന്ന വാദം തെറ്റാണ്. അനുകൂല ഉത്തരവ് ലഭിച്ചത് സംബന്ധിച്ച് കേരള ആര്.ടി.സി. കര്‍ണാടകത്തിന് നോട്ടീസ് അയക്കുമെന്നാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. നോട്ടീസ് ലഭിച്ചാല്‍ അനുയോജ്യമായ മറുപടി നല്‍കും. ഇപ്പോള്‍ നിയമവിദഗ്ധരെ കണ്ട് നിയമനടപടികളെ കുറിച്ച് ആലോചിക്കുകയാണ്. കെ.എസ്.ആര്.ടി.സി. എന്ന പേര് തുടര്‍ന്നും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.